തിരുവനന്തപുരം: മോദി മന്ത്രിസഭയിലേയ്ക്ക് കേരളത്തില്‍ നിന്നും ഒരു മന്ത്രി ഉണ്ടാകുമോ ? ഇതിനെ കുറിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ചൂട് പിടിച്ച ചര്‍ച്ച നടക്കുകയാണ്. ഉണ്ടെങ്കില്‍ ആരായിരിയ്ക്കും മന്ത്രി പദത്തിലെത്തുക എന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാന രാഷ്ട്രീയം. ബി.ജെ.പിക്ക് കേരളത്തിലും വേരുറപ്പിക്കാനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കി ഇടപെടലുകള്‍ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നൊരാളെ കേന്ദ്ര മന്ത്രിസഭയിലെടുക്കും. വാജ്‌പേയ് സര്‍ക്കാരില്‍ രാജഗോപാലിനെ ഉള്‍പ്പെടുത്തിയ നീക്കം ഫലം കണ്ടിരുന്നു.
അതുകൊണ്ട് മാത്രമാണ് രാജഗോപാല്‍ ജനകീയ നേതാവായി മാറിയത്. ഈ സാഹചര്യം പുനര്‍സൃഷ്ടിക്കാന്‍ കേരളത്തില്‍ നിന്നൊരാളെ കേന്ദ്രമന്ത്രിയാക്കാനാണ് തീരുമാനം.
ആര്‍.എസ.എസില്‍ നിന്ന് നേരിട്ട് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ നേതാവാണ് കുമ്മനം രാജശേഖരന്‍. പൊതു സമൂഹത്തില്‍ കുമ്മനം എന്ന പേരിന് പ്രസക്തിയും ഏറയുണ്ട്. അതുകൊണ്ട് തന്നെ കുമ്മനത്തെ ഭാവി നേതാവായി കാണാമെന്ന ചിന്തയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. കുമ്മനത്തിന്റെ ജനകീയ പരിവേഷം ഉയര്‍ത്താന്‍ അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കാനാണ് നീക്കം. എന്നാല്‍ വെള്ളിത്തിരയുടെ ഗ്ലാമറില്‍ ബി.ജെ.പിയിലെത്തിയ സുരേഷ് ഗോപിക്കും മന്ത്രി പദ മോഹമുണ്ട്. സുരേഷ് ഗോപിയെ ഉയര്‍ത്തിക്കാട്ടുന്നതും ഗുണകരമാകുമെന്ന് വിലയിരുത്തുന്നവരുണ്ട്.
അതുകൊണ്ട് തന്നെ സുരേഷ് ഗോപിയോ കുമ്മനമോ കേന്ദ്രമന്ത്രിസഭയില്‍ വൈകാതെ എത്തുമെന്നാണ് സൂചന. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരില്‍ ഒരളാകും മത്സരിക്കുക. ഈ നേതാവാകും കേന്ദ്ര മന്ത്രിസഭയിലുമെത്തുക. അതായത് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന നേതാവിന് കേന്ദ്രമന്ത്രിയുടെ പരിവേഷം നല്‍കും.
തിരുവനന്തപുരത്ത് ബി.ജെ.പിക്ക് ലോക്‌സഭയില്‍ ജയിക്കാനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ രാജഗോപാല്‍ ഇവിടെ രണ്ടാമത് എത്തിയിരുന്നു. മോദി ഭരണത്തിന്റെ മികവില്‍ ഇത് മറികടക്കാനാകും. ഇതിനൊപ്പം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ക്ഷീണവും ഗുണകരമാകും. ഇതിനായി തിരുവനന്തപുരം കേന്ദ്രീകരിച്ച് വികസനങ്ങള്‍ കൂടുതലെത്തിച്ച് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രി പദ ചര്‍ച്ചകള്‍ സജീവമാക്കുന്നത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി മോദി മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകൂ. അതിന് മുന്നോടിയായാണ് കൂടിയാലോചനകള്‍. കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം എത്തിയതോടെ അടുത്ത സംസ്ഥാന അധ്യക്ഷനെ പറ്റിപ്പോലും ചിന്തകള്‍ സജീവമായിരിക്കുകയാണ്. കുമ്മനം കേന്ദ്രമന്ത്രിയാകുമെന്ന കണക്കുകൂട്ടലിലാണ് ഇത്. അതിനിടെ ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് വി മുരളീധരനെ ഉയര്‍ത്തുമെന്നും സൂചനയുണ്ട്.
കേന്ദ്രമന്ത്രി സ്ഥാനത്തിന് കൂടുതല്‍ സാധ്യത കുമ്മനത്തിനും സുരേഷ് ഗോപിക്കുമാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു. നിലവില്‍ എംപിയാണെന്നത് സുരേഷ് ഗോപിക്ക് കൂടുതല്‍ സാധ്യത നല്‍കുന്നതായും വിലയിരുത്തലുണ്ട്.
കുമ്മനത്തിനെ മന്ത്രിയാക്കിയാല്‍ മറ്റൊരു സംസ്ഥാനത്ത് നിന്ന് കുമ്മനത്തെ എംപിയാക്കേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് ചര്‍ച്ചകള്‍ സുരേഷ് ഗോപിയിലേക്ക് കേന്ദ്രീകരിക്കുന്നത്. അതിനിടെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റിയാല്‍ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ധാരണയായിട്ടില്ല.
Post Your Comments