തിരുവനന്തപുരം : മനാമ-ബഹ്റൈന്‍-കോഴിക്കോട് സെക്ടറിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കു കോഴിക്കോട് നിന്നും തിരുവന്തപുരത്തേക്ക് കണക്ഷന് ഫ്ളൈറ്റിന് അനുമതി. തിരുവനന്തപുരത്തേക്കുള്ള കണക്ഷന് ഫ്ളൈറ്റ് സൗകര്യം ജനുവരി 16 മുതല്‍ നിലവില്‍ വരും. 2017 മാര്‍ച്ച് വരെയാണ് അനുമതി. അത് നീട്ടിക്കിട്ടുന്നതിനുള്ള ശ്രമം വിജയിക്കുമെന്നാണു കരുതുന്നതെന്ന് എയര്‍ ഇന്ത്യ ബഹ്റൈന്‍ മാനേജ്മന്റ് അറിയിച്ചു.
തിരുവനന്തപുരത്തേക്കു നേരിട്ടുള്ള സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതു തെക്കന്‍ കേരളത്തിലെ അഞ്ചു ജില്ലയിലെയും കന്യാകുമാരിക്കാരുടെയും യാത്ര പ്രശ്നം രൂക്ഷമാക്കിയിരുന്നു. ഈ മേഖകളിലെ രോഗികള്‍ വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. ഈ പ്രശ്നം ബഹ്റൈന്‍ യാത്ര സമിതി നിരന്തരം അധികാരികളുടെ മുന്നില്‍ എത്തിച്ചിരുന്നു. എംബസി കത്തു നല്കിയാല് ചികിത്സക്കും മൃതദേഹം കൊണ്ടുപോകുന്നതിനും എയര്‍ ഇന്ത്യ നല്കുന്ന ഇളവ് മറ്റൊരു എയര്‍ലൈന്‍സും നല്‍കുന്നില്ല.
നേരിട്ടുള്ള എയര്‍ ഇന്ത്യ സര്‍വീസ് പുന:സ്ഥാപിക്കുന്നതിനു കേരളാ ഹൈക്കോടതിയില്‍ യാത്ര സമിതി നല്കിയ ഹര്‍ജി, എയര്‍ ഇന്ത്യ ഒരു കമ്പനിയായതുകൊണ്ടു പരിഗണിക്കപ്പെട്ടില്ല. പിന്നീട് എയര്‍ ഇന്ത്യ ബഹ്റൈന്‍ മാനേജ്മെന്റിനെ യാത്രക്കാരുടെ ആവശ്യകത പലപ്പോഴായി യാത്ര സമിതി ബോധിപ്പിക്കുകയുണ്ടായി. കണക്ഷന് ഫ്ളൈറ്റ് ഏര്‍പ്പെടുത്തിയ നടപടിയെ യാത്രാ സമിതി അഭിനന്ദിച്ചു. പൊതുജന താല്‍പ്പര്യം മനസ്സിലാക്കിയ എയര്‍ ഇന്ത്യ ബഹ്റൈന്‍ മാനേജ്മന്റ് അതിനായി നടത്തിയ ശ്രമമണ് ഇപ്പോള്‍ കണക്ഷന് ഫ്ളൈറ്റിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും അറിയിച്ചു.
Post Your Comments