ലോകത്തിലെ ഏറ്റവും പഴഞ്ചനും, 1% പോലും ആർക്കും പ്രയോജനം ചെയ്യാത്തതുമായ സമരമുറ ഏതാണെന്നന്വേഷിച്ച് വെളിയിൽ ഒരിടത്തും യാത്ര ചെയ്യേണ്ട ആവശ്യമില്ല. റിസർച്ച് ചെയ്ത് തളരണ്ട, ചിന്തിച്ച് തല പുണ്ണാക്കണ്ട. കാൽ ചവിട്ടി നിൽക്കുന്ന ദൈവത്തിന്റെ സ്വന്തം ‘കണ്ട്രി’കളുടെ നാട്ടിലെ ഒരു പിടി മണ്ണെടുത്ത് ഉയർത്തിപ്പിടിച്ച് പറഞ്ഞാൽ മതി, “അത് നമ്മുടെ നാട്ടിലെ ഹർത്താലാണ്, ഹർത്താൽ” എന്ന്! എന്തിനും, ഏതിനും ഹർത്താൽ! അനങ്ങിയാൽ ഹർത്താൽ, അനങ്ങാതിരുന്നാൽ ഹർത്താൽ, നിന്നാൽ ഹർത്താൽ, ഇരുന്നാൽ ഹർത്താൽ, ആകെമൊത്തം ഹർത്താൽ മയം. എന്താണ് ഈ ഹർത്താൽ?
പണ്ട് സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരുടെ അടിച്ചമർത്തൽ രീതികൾക്കെതിരെ കടകൾ, ആപ്പീസുകൾ, ഫാക്ടറികൾ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുടങ്ങി പലയിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാർ ജോലി നിർത്തി വച്ച് പ്രതിഷേധിക്കുന്ന സമരമുറയാണ് ഹർത്താൽ. അതും, ബ്രിട്ടീഷുകാർക്കെതിരെ നിയമത്തിന്റെ സാധ്യത കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഗതികെട്ട അവസ്ഥയിലാണ് ഹർത്താലിന് ആഹ്വാനം ചെയ്യുന്നത്. ഹർത്താലിൽ സഹകരിക്കാത്തവരെ ഉപദ്രവിക്കുന്ന ഏർപ്പാടൊന്നും കേട്ടുകേൾവി പോലും ഇല്ലായിരുന്നു. കാരണം, ഏറിയ പങ്കും ഹർത്താലിൽ സഹകരിക്കുമായിരുന്നു. അത്രയ്ക്കും ബൃഹത്തായ ലക്ഷ്യമായിരുന്നു ബ്രിട്ടീഷുകാരെ ഇവിടെ നിന്നും തുരത്തുക എന്നത്. ഇനി ബ്ലാക്ക് & വൈറ്റ് വിടാം, കളറിലേക്ക് വരാം, ഫിലിം അല്ല ഡിജിറ്റൽ. ഇക്കാലത്ത് ഹർത്താൽ എങ്ങനെയാണ് നിർവചിക്കപ്പെടുന്നത്? ആർക്കെതിരെയാണ് ഈ പറഞ്ഞ ഹർത്താലുകളിലൂടെയുള്ള പ്രതിഷേധങ്ങൾ? ഉത്തരം ഒന്നേയുളളൂ. പൊതുജനങ്ങൾക്കെതിരെയാണ് ഇക്കാലത്തെ ഹർത്താലുകൾ! ‘പൊതുജനത്തെ പരമാവധി ദ്രോഹിക്കുന്ന ഒരു തരം വൃത്തികെട്ട സമരമുറ’, അതാണ് ഹർത്താലിന്റെ ഇക്കാലത്തെ നിർവചനം!
അക്രമരാഷ്ട്രീയം കുലത്തൊഴിലായി കൊണ്ടു നടക്കുന്ന ഏതെങ്കിലും രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അടിപിടികളുണ്ടാകുന്നു. കൂട്ടത്തിൽ, ‘ഇവനൊക്കെ ഒന്ന് തീർന്നു കിട്ടേണമേ’ എന്ന് സമൂഹം തിരി കൊളുത്തി പ്രാർത്ഥിക്കുന്ന ചില വൃത്തികെട്ട ജന്മങ്ങൾ വ്യക്തിപരമായി തമ്മിലടിക്കുന്നു. അവറ്റകൾ കൂലി കൊടുത്ത് ഗുണ്ടകളെ ഇറക്കുമതി ചെയ്ത് പരസ്പരം വെട്ടുന്നു, ഏതെങ്കിലും ഒരു സാമദ്രോഹി മരിക്കുന്നു. അത്രയും ശല്യം തീർന്നു കിട്ടിയല്ലോ എന്നാശ്വസിച്ച് സമൂഹം ദീർഘ ശ്വാസം വിടുന്നു. അപ്പോഴുണ്ട് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ആഹ്വാനം, “നാളെ ഹർത്താൽ”! ചാനലുകളും, ഓൺലൈൻ പത്രങ്ങളും അത് ഏറ്റുപാടുന്നു. അടുത്ത ദിവസത്തെ പത്രം ആ ഹർത്താൽ ആഹ്വാനത്തെ പ്രിന്റ് ചെയ്ത് പേപ്പറിലാക്കുന്നു. ഒപ്പം, “പത്രം, പാൽ, ആശുപതി എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു” എന്ന ഔദാര്യവും! വെള്ളരിക്കാപ്പട്ടണത്തിലെങ്കിലും നടക്കുന്ന കാര്യമാണോ ഇതെല്ലാം?
ഒന്നാമതായി, ഗുണ്ടായിസത്തിന്റെയും, കുടിപ്പകയുടെയും പേരിൽ, ബന്ധപ്പെട്ട ആരെങ്കിലും കൊല്ലപ്പെടുന്നതിന് പൊതുജനം എന്ത് പിഴച്ചു? അതാത് രാഷ്ട്രീയ പാർട്ടിയ്ക്ക് രക്തസാക്ഷിയെ കിട്ടുന്നു, നല്ലത്. പക്ഷെ അതിന് ജില്ലാ-സംസ്ഥാനം-രാജ്യം എന്നിങ്ങനെ ആകെമൊത്തം കണക്കെടുത്ത് ഹർത്താലും, ബന്ദും നടത്തേണ്ട ആവശ്യം എന്താണ്? ഇതൊക്കെ ജില്ലയുടെയും, സംസ്ഥാനത്തിന്റെയും ഒക്കെ മൊത്തം ദുഃഖവും, പ്രശ്നവുമായി മാറുന്നതെങ്ങനെയാണ്? “പത്രം, പാൽ, ആശുപതി എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു” എന്ന് പൊതുവായ വാർത്ത കൊടുക്കാൻ പത്രങ്ങൾക്ക് ആരാണ് അധികാരം കൊടുത്തിട്ടുള്ളത്? പാൽ, പത്രം, ആശുപതി എന്നിവ ഒഴിച്ച് ബാക്കിയെല്ലാം തന്നെ ഹർത്താലിൽ പെട്ട് ദുരിതം ഏറ്റു വാങ്ങാനുള്ളതാണെന്ന് ഏത് നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? ഇതൊക്കെ തന്നെയാണ്, അല്ലെങ്കിൽ ഇതൊക്കെ മാത്രമാണ് ഫാസിസം അല്ലെങ്കിൽ ഫാസിസ്റ്റ് നീക്കം, ഫാസിസ്റ്റ് ചിന്താഗതി എന്നൊക്കെ പറയുന്ന സാധനം. അഞ്ചു പേർ കൂടി നിന്നാൽ ആ കൂട്ടത്തിന്റെ തലവന് വളരെ എളുപ്പത്തിൽ ഏകാധിപതിയായി മാറാം എന്നതാണ് ഈ നാടിന്റെ ഏറ്റവും വലിയ ശാപം.
ഹർത്താൽ എന്ന ആഭാസത്തരത്തിന് ഇന്ത്യൻ നിയമ സംവിധാനത്തിൽ യാതൊരു സ്ഥാനവും ഇല്ലെന്നിരിക്കെ, ഇനിയെങ്കിലും ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ശക്തമായ തീരുമാനങ്ങളും, നീക്കങ്ങളും നടത്തിക്കൂടേ? സ്വന്തം കാര്യം വരുമ്പോൾ പ്രശ്നമാകും എന്ന വിഷയം കാരണം അവർക്കത് ചെയ്യാൻ പറ്റില്ലെങ്കിൽ, സുപ്രീം കോടതിയ്ക്ക് സ്വമേധയാ ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിയില്ലേ? ഹർത്താൽ ദിനത്തിൽ വാഹനയാത്ര ചെയ്യുന്നവരെ തടഞ്ഞു നിർത്തി വിരട്ടുന്നതും, തല്ലുന്നതും, വാഹനങ്ങളുടെ ടയറിന്റെ കാറ്റഴിച്ച് വിടുന്നതും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവുകളാണ്. ഇതിനെതിരെ നിയമവശാൽ തന്നെ പ്രതികരിക്കണം. ഹർത്താൽ അനുകൂലികൾക്കുള്ള അതേ സ്വാതന്ത്ര്യം തന്നെയാണ് അതിനോട് പ്രതികൂലിക്കുന്ന പൊതുജനത്തിനുമുള്ളത്. ഇനിയും ഇതൊക്കെ കേട്ടും, കണ്ടും, സ്വയം അനുഭവിച്ചും സഹിക്കേണ്ട ആവശ്യമില്ല. നാമോരോരുത്തരും ഇതിനെക്കുറിച്ച് ബോധവാന്മാരാകണം. ഹർത്താൽ എന്ന പരമ ചെറ്റത്തരത്തിനെതിരെ ഉണർന്നു പ്രവർത്തിക്കണം.
സുരേഷ് കുമാർ രവീന്ദ്രൻ
Post Your Comments