IndiaNews

ജയലളിതയുടെ ദുരൂഹ മരണം : തമിഴ്‌നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ: ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്‌നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐ.സിയുവില്‍ നിന്ന് മാറ്റി. പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരമെന്നും ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരവും അസുഖവിവരങ്ങളും സംബന്ധിച്ച് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മരണദിവസം ഡിസംബര്‍ ഏഴിന് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. ജയലളിതയുടെ മരണസമയവും കാരണവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നത്.

സെപ്റ്റംബര്‍ 22 ന് അപ്പോളോ ആശുപത്രിയില്‍ പനിയും നിര്‍ജലീകരണവും മൂലമാണ് ജയലളിതയെ പ്രവേശിപ്പിച്ചത്. ആദ്യം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പെട്ടെന്ന് നില ഗുരുതരമായി. അന്‍പത് ദിവസത്തോളം വിദഗ്ധ ചികിത്സ നല്‍കിയതിനെത്തുടര്‍ന്ന് ജയലളിതയെ നവംബര്‍ 19 ന് ഐ.സിയുവില്‍ നിന്ന് മള്‍ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്‍ യൂണിറ്റിലേയ്ക്ക് മാറ്റിയിരുന്നു. ഡിസംബര്‍ 4 ന് വൈകിട്ട് മുംബൈയില്‍ വെച്ചാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായി തനിയ്ക്ക് സന്ദേശം ലഭിച്ചതെന്നും ഉടന്‍ ചെന്നൈയിലേയ്ക്ക് പുറപ്പെട്ട തന്നോട് അവര്‍ക്ക് ഇ.സി.എം.ഒ എന്ന ജീവന്‍രക്ഷാഉപകരണം ഘടിപ്പിച്ചുവെന്ന് അറിയിച്ചുവെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ദിവസം നില ഗുരുതരമായി തുടര്‍ന്ന ശേഷം ഡിസംബര്‍ 5 ന് വൈകിട്ടോടെ അവര്‍ അന്തരിച്ചതായി പ്രഖ്യാപിയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപ്പോളോ ആശുപത്രി പുറത്തുവിട്ട വിവരങ്ങള്‍ക്കപ്പുറം ഗവര്‍ണറുടെ റിപ്പോര്‍ട്ടിലും പുതിയ വിവരങ്ങളൊന്നുമില്ല. എന്നാല്‍ ജയലളിതയ്ക്ക് എന്തുചികിത്സയാണ് നല്‍കിയതെന്നും അവരുടെ അസുഖത്തിന്റെ വിശദാംശങ്ങളെന്തെന്നും കാണിച്ച് ഒക്ടോബര്‍ 1 നും 22 നും ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ സ്വകാര്യവിവരമാണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button