വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരിൽ 35 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി. വാഷിംഗ്ടണ്‍ ഡിസി എംബസിയിലേയും സാന്‍ ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റിലേയും 35 റഷ്യന്‍ നയതന്ത്രജ്ഞരെയാണ് പുറത്താക്കിയതെന്നും,നടപടികളുടെ ഭാഗമായി റഷ്യന്‍ ഇന്റലിജന്‍സ് കൂടിക്കാഴ്ചകള്‍ക്ക് ഉപയോഗിക്കുന്ന ന്യൂയോര്‍ക്കിലേയും മെരിലന്‍ഡിലേയും കെട്ടിടങ്ങള്‍ അടച്ചിടുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇവരോടു കുടുംബത്തോടൊപ്പം 72 മണിക്കൂറിനകം രാജ്യം വിടാനും നിര്‍ദേശം നല്കി.
സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ പ്രത്യക്ഷമായും രഹസ്യമായും തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ പറഞ്ഞതിന്റെ ഭാഗമായാണ് നയതന്ത്രജ്ഞരെ പുറത്താക്കിയത്. ജനുവരി 20നു പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുമ്പെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്സൈറ്റുകളിലെ റഷ്യന്‍ നുഴഞ്ഞുകയറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഒബാമ ഇന്റലിജന്‍സ് ഏജന്‍സികളോടു ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ റഷ്യ മറുപടിയായി യുഎസ് നയതന്ത്രജ്ഞരെ പുറത്താക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
Post Your Comments