Kerala

ജയ്ഹിന്ദ് ചാനലിന്റെ അന്ത്യം അടുക്കുന്നുവോ? വിജയന്‍ തോമസും സുധീരനും രാജിവെച്ചൊഴിയുമ്പോള്‍

ഇന്ത്യാവിഷന്‍ ചാനലിനു പിന്നാലെ അടച്ചുപൂട്ടല്‍ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ്. എന്താണ് ചാനലിലെ പ്രതിസന്ധിക്ക് കാരണം? ചാനലിനുള്ളിലും അഴിമതി നടന്നുവോ? കിട്ടിയതെല്ലാം തലപ്പത്തുള്ളവര്‍ കൈയ്യിട്ട് വാരിയെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ചാനലിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

വിഎം സുധീരന്‍ ജയ്ഹിന്ദ് ടിവിയുടെ ചെയര്‍മാന്‍ സ്ഥാനവും കമ്പനി ബോര്‍ഡ് അംഗത്വവും രാജിവെച്ചു. എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചാനലില്‍ നിന്ന് കൈയ്യിട്ടുവാരിയത്രേ. തലപത്ത് പ്രവര്‍ത്തിച്ചവരെല്ലാം കിട്ടിയതെല്ലാം അടിച്ചു മാറ്റി. പവാസികളുടെ നിക്ഷേപം എല്ലാം പലരുടേയും പോക്കറ്റിലേക്കും പോയി. ചാനലില്‍ നിന്നും പലരും രാജിവെച്ച് പോകുകയാണ്. നാല് മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട്.

ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ വെച്ചാണ് സുധീരന്‍ തന്റെ രാജിക്കത്ത് സമര്‍പ്പിച്ചത്. ചാനലിനുള്ളില്‍ നടന്ന അഴിമതിയില്‍ പ്രതിഷേധിച്ചാണ് സുധീരന്റെ പടിയിറക്കം. തുടക്കം മുതല്‍ തന്നെ അഴിമതിയും കെടുകാര്യസ്ഥതയും ഈ ചാനലിന്റെ മുഖമുദ്രയായിരുന്നു. വര്‍ഷങ്ങളായി ചാനല്‍ നഷ്ടത്തിലാണ് ഓടുന്നത്. ചാനലിലേക്ക് വരുന്ന പരസ്യവരുമാനം മാര്‍ക്കറ്റിംഗ് മാനേജരും അയാളുടെ സഹായികളും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു പതിവ്.

ഈ അടുത്തകാലത്ത് പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീകുമാരന്‍തമ്പിക്ക് 27 ലക്ഷം രൂപ സീരിയല്‍ നിര്‍മ്മിച്ചതിന്റെ വകയില്‍ നല്‍കാനുണ്ടായിരുന്നു. കടംവാങ്ങിയും പലിശയ്‌ക്കെടുത്തും താന്‍ നിര്‍മ്മിച്ച സീരിയലിന്റെ പണം നല്‍കാതെ ചാനല്‍ എം.ഡി എം.എം. ഹസനും കൂട്ടരും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി.
മറ്റൊരു സംഭവം ഇങ്ങനെ…തന്റെ കോടികള്‍ എം.എം ഹസന്‍ അടിച്ചുമാറ്റിയെന്ന് പ്രവാസി വ്യവസായിയും പരാതിപ്പെട്ടിരുന്നു. കേരള പ്രവാസി ഡവലപ്‌മെന്റ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറും കെ.പി.സി.സി.യുടെ വിദേശഘടകമായ ഒ.ഐ.സി.സി.യുടെ മുന്‍ ട്രഷററുമായ ജയിംസ് കൂടല്‍ എന്ന പ്രവാസി വ്യാവസായിയാണ് ഇപ്പോള്‍ ഹസന്‍ നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഞാന്‍ ഉള്‍പ്പെടെയുള്ള വിദേശനാടുകളില്‍ ജിവിക്കുന്ന കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന പ്രവാസികള്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം കോടികണക്കിനു രൂപയാണു ഷെയര്‍ ആയി ജെയ്ഹിന്ദ് ചാനലിനു പ്രവാസി സുഹ്രുത്തുകളില്‍ നിന്നും സ്വരുപിച്ച് നല്‍കിയത്. ബഹ്റൈനില്‍ ജെയ് ഹിന്ദ് ചാനല്‍ ബ്യുറോ തുടങ്ങുന്നതിനും നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നതിനും ഒരു കോണ്‍ഗസ് പ്രവര്‍ത്തകനെന്ന നിലയില്‍ ചിലവായതിന്റെ കണക്കുകള്‍ (ലക്ഷങ്ങളുടെ)പൊതുസമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നത് വെക്തിപരമായി താല്‍പ്പര്യപെടാത്തതിനാല്‍ തല്‍ക്കാലം അതിനു മുതിരുന്നില്ല.

എം.എം.ഹസന്റെ നിര്‍ദേശപ്രകാരം 2009ല്‍ ദുബായിലെ E-vision channel ല്‍ ജെയ് ഹിന്ദ് ടിവി ലിങ്ക് ചെയ്യുന്ന ആവിശ്യത്തിന് ഞാന്‍ നല്‍കിയ പണമോ അതിന്റെ രേഖയോ ചോദ്യച്ചപ്പോള്‍ എനിക്ക് ലഭിച്ച മറുപിടി ഒത്തിരി വേദനിപ്പിക്കുന്നതായിരുന്നു. നമ്മുടെ നേതാവ് പറഞ്ഞത് ഇങ്ങനെ ”കൊടുക്കാന്‍ പറഞ്ഞെന്നുള്ളതും ശരിയാണ്. ജെയിംസ് കൊടുത്തനുള്ളതും ശരിയാണ്. ഇത് ഒരു കമ്പനിയാല്ലേ ജെയിംസ്,ഇവിടെ ഓഫിസില്‍ അതിന്റെ റെക്കര്‍ഡ് ഒന്നും കാണുന്നില്ലല്ലോ ജെയിംസേ”
2015 ല്‍ എന്റെ ഉടമസ്ഥതയിലുള്ള ബഹ്റൈന്‍ ഫ്രഞ്ചെയിസി എന്റെ സുഹ്രുത്തിന്റെ പേരില്‍ മാറ്റിനല്‍കണമെന്നു ഞാന്‍ ആവിശ്യപെട്ടപ്പോള്‍ ഡിപ്പോസിറ്റായി ഞാന്‍ നല്‍കിയ us dolar 15000 ന്റെ കണക്കുകള്‍ ജെയ്ഹിന്ദ് ടി വി ഓഫിസില്‍ കാണുന്നില്ലെന്നാണ് ചാനലിലെ നമ്മുടെ ഉത്തരവാദിത്വപേട്ട നേതാവ് പറഞ്ഞത്.(ഇതിന്റെ പേരില്‍ എന്റെ അസാനിഗ്ദ്യത്തില്‍ ബഹ്റൈനിലെ നമ്മുടെ ഗ്‌ളോബല്‍ നേതാവ് നടത്തിയ ‘പണി’ ഈവസരത്തില്‍ എന്റെ ബഹ്റൈന്‍ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും). ഫ്രാഞ്ചസിയുടെ കരാര്‍ കോപ്പി കൊടുത്തപ്പോള്‍ പറഞ്ഞത് അതിന്റെ ഒര്‍ജ്ജിനല്‍ രേഖകള്‍ ഓഫിസില്‍ തപ്പിക്കൊണ്ടിരിക്കുകയാണെന്നാണ് .

ഞങ്ങളുടെ വാക്കുകള്‍ വിശ്വസിച്ചു ചെറുതും വലുതുമായി ജെയ്ഹിന്ദ് ചാനലില്‍ നിക്ഷേപം നടത്തിയവരെ സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബാധ്യതയുണ്ട്.കാരണം പാര്‍ട്ടി ചാനല്‍ എന്ന നിലയില്‍ ആണ് സഹായിക്കാന്‍ മുന്നോട്ട് വന്നത്.

ശ്രി.രമേശ് ചെന്നിത്തല കഠിനാദ്ധാനം ചെയ്ത് ശ്രി.ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയോടുകൂടി ആരംഭിച്ച് ജയ് ഹിന്ദ് ചാനലിനെ ഒരു വെള്ളാനയായി മാറ്റുവാന്‍ അനുവദിക്കരുത്. വര്‍ഷങ്ങളായി ഒരു സ്വകാര്യ സ്വത്ത് പോലെ ജെയ് ഹിന്ദ് ചാനലിനെ കൊണ്ടുനടക്കുന്നവരെ പുറത്താക്കി ശുദ്ധികലശം നടത്തി ചാനലിനെ സാമ്പത്തികമായി സഹായം നല്‍കിയവരുടെ ആശങ്ക അകറ്റണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ശ്രി . വി.എം. സുധിരനോട് അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button