തിരുവനന്തപുരം•അഞ്ചേരി ബേബി വധക്കേസില്‍ കുറ്റവിമുക്തനാക്കാനുള്ള ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. എം.എം മണി രാജി വയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. മണിയെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പുറത്താക്കാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ രാജി ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മണിയെ പുറത്താക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു.
തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എ.കെ. ദാമോദരൻ എന്നിവരേയും പ്രതിപ്പട്ടികയിൽ ചേർക്കും. പ്രോസിക്യൂഷൻ ആവശ്യം ശരിവച്ചാണ് കോടതി ഇവരെയും പ്രതി ചേർത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഞ്ചേരി ബേബിയെ എം.എം മണി ഉൾപ്പെടെയുള്ളവർ ഗൂഢാലോചനക്കൊടുവിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ മണി രണ്ടാം പ്രതിയാണ്. പാമ്പുപാറ കുട്ടൻ, ഒ.ജി.മദനൻ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. 1982 ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പൊലിസ് ഒമ്പതു പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും 1988 ൽ ഇവരെ കോടതി വെറുതെ വിട്ടു. ഹൈക്കോടതിയും ഈ വിധി ശരിവച്ചു. എന്നാൽ 2012 മെയ് 25ന് തൊടുപുഴ മണക്കാട്ട് എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തിൽ രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയിരുന്നു. ഇതെ തുടർന്നാണ് ഡിവൈ.എസ്.പി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസെടുത്തതും എം.എം.മണിയെ അറസ്റ്റ് ചെയ്തതും. ഈ കേസിൽ കുറ്റവിമുക്‌തരാക്കണമെന്ന പ്രതികളുടെ അപേക്ഷയിലാണ് വിധിയുണ്ടായത്.
Post Your Comments