കൊല്‍ക്കത്ത : ആയിരക്കണക്കിന് വര്‍ഷം മുന്‍പുതന്നെ ഇന്ത്യ ഒരു കാഷ് ലസ് എക്കണോമിയായിരുന്നുവെന്നും പണത്തിനു പകരം ക്രെഡിറ്റ് കാര്‍ഡിന്റെ മാതൃകകള്‍ ഉപയോഗിച്ചിരുന്നതായും ചരിത്രകാരമാരുടെ കണ്ടെത്തല്‍. ഏതാണ്ട് അയ്യായിരത്തോളം വര്‍ഷം മുന്‍പത്തെ ഹാരപ്പന്‍ സംസ്‌കൃതിയുടെ കാലത്ത് കളിമണ്ണ് ഉപയോഗിച്ചുള്ള പ്രത്യേക ഫലകങ്ങള്‍ ധനവിനിമയത്തിന് ഉപയോഗിച്ചിരുന്നതായി ലോകപ്രശസ്ത പുരാവസ്തു ഗവേഷകനും ഹാരപ്പന്‍ വിദഗ്ധനുമായ ജോനാതന്‍ മാര്‍ക്ക് കെനോയര്‍ പറയുന്നു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് നാം ഉപയോഗിക്കുന്ന ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളില്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. മണ്‍ ഫലകത്തില്‍ നിന്ന് ഉപയോഗിക്കുന്ന പണത്തിന്റെ മൂല്യം രേഖപ്പെടുത്തുകയും മുദ്രവെക്കുകയും ചെയ്താണ് മൂല്യം കണക്കാക്കിയിരുന്നത്. പുരാതന സംസ്‌കൃതികളായ മെസപ്പൊട്ടോമിയയിലും ഹാരപ്പയിലുമെല്ലാം പണം ഉപയോഗിച്ചുള്ള വ്യവഹാരങ്ങള്‍ വലിയ തോതില്‍ നടന്നിരുന്നു. അതുകൊണ്ടുതന്നെ ചെമ്പ് പോലുള്ള ലോഹങ്ങള്‍ വലിയ അളവില്‍ ആവശ്യമായിരുന്നു. ഈ പ്രശ്‌നം മറികടക്കാനാണ് കളിമണ്ണ് ഉപയോഗിച്ചുള്ള ഫലകങ്ങള്‍ ഉപയോഗിച്ചിരുന്നത്.
ഗുജറാത്തിലെ ധോലവിരയില്‍ നിന്ന് പ്രത്യേക ആകൃതിയിലുള്ള മണ്‍ ഫലകങ്ങള്‍ ചൈനീസ് ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. ഇന്നത്തെ ബംഗാള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കളിമണ്ണ് ഉപയോഗിച്ച് ആഭരണങ്ങളും മറ്റും നിര്‍മിക്കുന്ന പ്രത്യേക വിഭാഗം ഇപ്പോഴും ഉള്ളതായും, അത് പഴയ ഹാരപ്പന്‍ സംസ്‌കൃതിയുടെ തുടര്‍ച്ചയാണെന്നും ജോനാതന്‍ മാര്‍ക്ക് ചൂണ്ടിക്കാണിക്കുന്നു. ക്രെഡിറ്റ് കാര്‍ഡിന് സമാനമായ രീതിയില്‍ ഇത്തരം മണ്‍ ഫലകങ്ങള്‍ ഉപയോഗിച്ചിരുന്നതിന് പുരാതന മെസപ്പൊട്ടോമിയയുടെ ചരിത്ര രേഖകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന മൂല്യമുള്ള പണം കൈകാര്യം ചെയ്യുതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി അക്കാലത്തെ ജനത രൂപപ്പെടുത്തിയെടുത്ത മാര്‍ഗമായിരിക്കാം ഇതെന്നാണ് അമേരിക്കയിലെ വിസ്‌കോന്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ ആന്ത്രപ്പോളജി വിഭാഗം പ്രൊഫസറായ ജോനാതന്‍ മാര്‍ക്ക് പറയുന്നത്.
Post Your Comments