Kerala

ആശുപത്രിയില്‍ മോഷണം നടത്തിയ ഹോംനഴ്‌സ് പിടിയില്‍

തിരുവനന്തപുരം•എസ്.എ.ടി. ആശുപത്രിയില്‍ കൂട്ടിരുപ്പുകാരിയുടെ പണവും മൊബൈലും മോഷ്ടിച്ച മറ്റൊരു കൂട്ടിരുപ്പുകാരിയായ ഹോം നഴ്‌സിനെ സുരക്ഷാ വിഭാഗം ജീവനക്കാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഇടവ സ്വദേശിനിയുടെ കൂട്ടിരുപ്പുകാരിയുടെ പണമാണ് മോഷ്ടിക്കപ്പെട്ടത്. അതേ വാര്‍ഡില്‍ ചികിത്സയിലുള്ള കൂട്ടിരുപ്പുകാരിയാണ് ഹോം നഴ്‌സ്.

ബുധനാഴ്ച രാവിലെ 8.45 നാണ് സംഭവം നടന്നത്. ഇടവ സ്വദേശിനി തന്റെ കൈയ്യിലുള്ള മൂന്ന് പേഴ്‌സും ഒരു മൊബൈലും തുണിസഞ്ചിയിലിട്ടാണ് കൊണ്ടു നടന്നിരുന്നത്. ഇതില്‍ 6580 രൂപയുമുണ്ടായിരുന്നു. ഇക്കാര്യം മറ്റ് കൂട്ടിരുപ്പുകാരോട് പറയുകയും ചെയ്തിരുന്നു. കൂട്ടിരുപ്പുകാരുടെ വിശ്രമ മുറിയില്‍ ഈ സഞ്ചി വച്ച ശേഷം ശുചിമുറിയില്‍ പോയി വന്നപ്പോള്‍ സഞ്ചി അവിടെയെങ്ങും കണ്ടില്ല. മരുന്നിനും മറ്റ് അടിയന്തിര ചെലവുകള്‍ക്കുമായി കരുതിയിരുന്ന പണം നഷ്ടപ്പെട്ടതറിഞ്ഞ് അവര്‍ നിലവിളിച്ചു. ഇതുകണ്ട നഴ്‌സുമാര്‍ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സര്‍ജന്റ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ ജീവനക്കാര്‍ അവിടെയെത്തി അന്വേഷിച്ചു.

സംശയാസ്പദമായി ഒരു യുവതി സംസാരിക്കുന്നത് കണ്ട് സര്‍ജന്റ് മെഡിക്കല്‍ കോളേജ് പോലീസിനെ വിവരം അറിയിച്ചു. എസ്.ഐ.യും വനിതാ പോലീസുകാരുമടങ്ങുന്ന സംഘം എത്തി യുവതിയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചു. അങ്ങനെ നഷ്ടപ്പെട്ടുപോയ സഞ്ചി തിരിച്ചുകിട്ടി. പക്ഷെ അതില്‍ 4500 രൂപയുടെ കുറവുണ്ടായിരുന്നു.

തുടര്‍ന്ന് യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തപ്പോള്‍ 4500 രൂപ ഒളിപ്പിച്ചുവച്ച സ്ഥലം യുവതി പറഞ്ഞു. അങ്ങനെ പോലീസ് യുവതിയേയും കൊണ്ട് തിരികെ എസ്.എ.ടി. ആശുപത്രിയിലെത്തി. ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കില്‍ നിന്നും രണ്ടായിരത്തിന്റെ രണ്ട് നോട്ടും അഞ്ഞൂറിന്റെ ഒരു നോട്ടുമാണ് കണ്ടെത്തിയത്.

എസ്.എ.ടി. ആശുപത്രിയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനം പാസുമൂലം കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണെന്ന് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ബാബു പ്രദീപ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button