ക്വറ്റ•പാകിസ്ഥാനില്‍ യു.എ.ഇ രാജകുടുംബത്തിന് നേരെ ആക്രമണം. യു.എ.ഇ ഉപപ്രധാനമന്ത്രി പ്രിൻസ് ഷെയ്ഖ് സായിഫ് ബിൻ സായദ് അൽ-നഹ്‌യാന്‍ അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വച്ച് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടത്.
പാകിസ്ഥാനില്‍ നായാട്ട് വിനോദത്തിനായി എത്തിയതായിരുന്നു സംഘം. ഹൊബാറ എന്ന ഇനത്തിൽ പെട്ട പക്ഷികളെ വേട്ടയാടുന്നതിനായി യു.എ.ഇ രാജകുടുംബം സ്ഥിരമായി പാകിസ്ഥാനില്‍ എത്താറുണ്ട്.
പഞ്ച്ഗുഡിലെ ഗുച്ചക് പ്രദേശത്ത് വച്ചാണ് രാജകുടുംബത്തിന്റെ വഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ പത്തംഗ സംഘം വാഹന വ്യൂഹത്തെ വളഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജകുടുംബത്തിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ പ്രത്യാക്രമണം നടത്തിയെങ്കിലും അക്രമികള്‍ അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
നിരോധിത സംഘടനയായ ബലോചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഹോബറ പക്ഷികളെ വേട്ടയാടുന്നത് യു.ഇ.ഇ-പാക് നയതന്ത്രബന്ധത്തിൽ ഉൾപ്പെട്ടിട്ടുള്ള കാര്യമാണ്. അറേബ്യയിൽ ഇത് അത്ര പ്രചാരമില്ലെങ്കിലും പക്ഷേ, അറബികൾക്ക് ഏറെ കമ്പമുള്ള കാര്യമാണ് ഈ വേട്ടയാടൽ. യുനെസ്‌കോ ഇതിനെ പാരമ്പര്യ സംസ്‌കാരമായി അംഗീകരിക്കുകയും ചെയ്തിട്ടുമുണ്ട്.
അതേസമയം, ഈ വിനോദം വിവാദത്തില്‍ നിന്ന് മുക്തവുമായിരുന്നില്ല. ഈമാസം ആദ്യം ഖൈബർ പക്തൂൻഖ്വാ പ്രവിശ്യയിലെ അധികാരികൾ ഹോബാറ ദേശാടനപക്ഷികളെ വേട്ടയാടുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. വേട്ടയാടല്‍ മൂലം ഈ പക്ഷികള്‍ വംശനാശ ഭീഷണി നേരിടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
Post Your Comments