NewsIndia

ഫ്‌ളിപ്പ് കാര്‍ട്ടില്‍ നാളെ മുതല്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ : സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വന്‍ വിലകിഴിവ്

മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഡേയ്സ് ഷോപ്പിംഗ് സെയില്‍ ഞായറാഴ്ച തുടങ്ങും. ഷോപ്പിങ് മാമാങ്കത്തിനു മുന്നോടിയായി പുതിയ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫ്‌ളിപ്പകാര്‍ട്ട് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വന്‍ ഓഫറുകളാണ് നല്‍കുന്നത്.
ഉത്പ്പന്നങ്ങളുടെ യഥാര്‍ഥ വില എത്രയാണെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഏകദേശം എല്ലാ ഉത്പ്പന്നങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുമ്പോള്‍ 27,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 3 ഇരുപതിനായിരത്തില്‍ താഴെ രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണില്‍ ഇപ്പോഴും പഴയ വിലയ്ക്കു തന്നെ ലഭ്യമാണ്. എന്നാല്‍ എങ്ങനെയാണ് ഇത്രയും വില കുറച്ച് ഫ്‌ളിപ്പ്കാര്‍ട്ടിനിത് നല്‍കാന്‍ സാധിക്കുന്നതെന്നത് രഹസ്യമാണ്. വണ്‍ പ്ലസ് സഹസ്ഥാപകനായ കാള്‍ പെയ് വെള്ളിയാഴ്ച ട്വിറ്ററിലൂടെ ഇതേ കാര്യത്തില്‍ തന്റെ അദ്ഭുതം പങ്കു വച്ചിരുന്നു.
വണ്‍ പ്ലസ് കൂടാതെ മറ്റു ചില ഫോണുകളും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കും. മോട്ടോ ഇ3 പവര്‍ (നിലവിലെ വില 7,999 രൂപ), ഐഫോണ്‍ 6 16GB (നിലവിലെ വില 36,990 രൂപ), ലെനോവോ കെ5 നോട്ട്, ലീക്കോ എല്‍ 2, ഗ്യാലക്‌സി ഓണ്‍8, ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ്, ലെനോവോ ഫാബ് 2 എന്നിവയാണ് ഇവയില്‍ ചിലത്.
സ്മാര്‍ട്ട്ഫോണുകള്‍ കൂടാതെ മറ്റു ചില ഗാഡ്ജറ്റുകള്‍ക്കും ഓഫറുകളുണ്ട്. ആപ്പിള്‍ മാക്ബുക്ക് പ്രോ ലാപ്‌ടോപ്, സാംസങ് ഗിയര്‍ ഫിറ്റ് 2 എന്നിവയാണ് അവ. കൂടാതെ ആപ്പിള്‍ വാച്ച്, മോട്ടോ 360 ജന്‍2 എന്നിവയ്ക്കും ഓഫര്‍ ലഭ്യമാണ്. ഇതുകൂടാതെ സ്‌കള്‍കാന്‍ഡി ഹെഡ്‌ഫോണ്‍, ഐപ്രോ പവര്‍ബാങ്ക് (10400mAh), മി 10000mAh പവര്‍ ബാങ്ക്, ഫിലിപ്‌സ് യുഎസ്ബി ട്രിമ്മര്‍ എന്നീ ഉല്‍പന്നങ്ങള്‍ക്കുമുണ്ട് ഓഫറുകള്‍.
മാക്രോമാക്‌സ്, വു, സാംസങ് എന്നീ കമ്പനികളുടെ ടെലിവിഷനുകള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്റര്‍ എന്നിവയ്ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്.

shortlink

Post Your Comments


Back to top button