ന്യൂഡല്‍ഹി : നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടിനു ശേഷം
കേരളത്തില്‍ മുന്നൂറിലധികം പേര്‍ ഒരു കോടിയിലധികം രൂപ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇവരുടെ പണസ്രോതസ് വിശദമായി അന്വേഷിക്കാനുള്ള നടപടികള്‍ ഉടനാരംഭിക്കും. അതിനിടെ സഹകരണ ബാങ്കുകളിലെ കണക്ക് കണ്ടെത്താനും നീക്കം തുടങ്ങി. നിലവില്‍ ലഭിക്കുന്ന സൂചനയനുസരിച്ച് അഞ്ഞൂറ് കോടി രൂപയുടെ നോട്ട് വെളുപ്പിക്കലിന് ദേശസാല്‍കൃത ബാങ്കുകളിലൂടെ തന്നെ കേരളത്തില്‍ ശ്രമം നടന്നുവെന്നാണ്.
രാഷ്ട്രീയ നേതാക്കള്‍ ജ്വല്ലറി ഉടമകള്‍, മൊത്തക്കച്ചവടക്കാര്‍ തുടങ്ങിയവരാണ് വന്‍തുകകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുള്ളത്.
ചില്ലറ കച്ചവടക്കാര്‍ നല്‍കിയ തുകയെന്ന കണക്കിലാണ് മൊത്തക്കച്ചവടക്കാര്‍ വന്‍തുകകള്‍ നിക്ഷേപിച്ചിട്ടുള്ളത്. അതിനാല് ചില്ലറ വിപണന കണക്കുകള്‍ കൂടി പരിശോധിച്ച ശേഷമേ കള്ളപ്പണമാണോയെന്ന് ഉറപ്പു വരുത്താന്‍ കഴിയുകയുള്ളു. പെട്ടെന്നൊരു ദിവസം ഇത്രയും കച്ചവടം നടന്നതിന്റെ വിശദീകരണവും തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നിയമ നടപടിയും തുടങ്ങാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.
കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളും സൊസൈറ്റികളും ആദായ നികുതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്. അയ്യായിരത്തോളം വരുന്ന സഹകരണ പ്രാഥമിക ബാങ്കുകള്‍ക്കും സൊസൈറ്റികള്‍ക്കും നിക്ഷേപ വിവരങ്ങളാരാഞ്ഞ് ആദായ നികുതി വകുപ്പ് നോട്ടിസ് നല്‍കിയെങ്കിലും 800 മറുപടികള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. സഹകരണ ബാങ്കുകള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നവംബര്‍ എട്ടിനു ശേഷം നടത്തിയ അസാധു കറന്‍സി നിക്ഷേപങ്ങളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്.
സഹകരണ ബാങ്കുകളിലെത്തി വ്യക്തിഗത അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി ഉടനാരംഭിക്കും. ഇതുമായി സഹകരണ ബാങ്കുകള്‍ സഹകരിക്കുമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍.
Post Your Comments