തൃശൂര്‍ ; ദേശീയ ഗാനാലാപന വിവാദത്തില്‍ കമലിന് തിരിച്ചടി. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ വീടിനു മുന്നില്‍ ദേശീയ ഗാനംആലപിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നു കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു. പൊതു വഴിയില്‍ ദേശീയ ഗാനം ആലപിക്കുന്നതു നിരോധിച്ചിട്ടില്ല എന്നതാണു പ്രധാന കാരണം.
മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന വിധം ഗാനം ആലപിച്ചിട്ടുമില്ല. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് ഈ വിഷയത്തില്‍ കേസെടുക്കാനാകില്ല. ചില പ്രവര്‍ത്തകര്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ഇരിക്കുകയായിരുന്നവെന്ന പരാതിയും ശരിയല്ലെന്നു പൊലീസ് കണ്ടെത്തി. വീഡിയോ പരിശോധിച്ച ശേഷമാണു ഈ നിഗമനത്തില്‍ പൊലീസ് എത്തിയത്.
കമലിന്റെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യം പോലെ വിളിച്ചതിനെതിരെ റവല്യൂഷണറി യൂത്ത് ഭാരവാഹികളാണ് പൊലീസില്‍ പരാതി നല്‍കിയത്. ദേശീയഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദ പാലിക്കാതെയാണ് പ്രതിഷേധം നടന്നതെന്നാണ് ഇവരുടെ ആരോപണം. സമയക്രമം തെറ്റിച്ചും സഞ്ചരിച്ചുകൊണ്ടുമാണ് ദേശീയഗാനം ആലപിച്ചതെന്നും ഇരിങ്ങാലക്കുട എഎസ്പി: മെറിന്‍ ജോസഫിനു ലഭിച്ച പരാതിയില്‍ പറയുന്നു.
നേരത്തെ, ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നിലും തിരുവനന്തപുരത്ത് കലാഭവന്‍ തിയറ്ററിനു മുന്നിലും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കമലിന്റെ വീടിനു മുന്നിലെ വഴിയില്‍നിന്ന് ദേശീയഗാനം ആലപിച്ചായിരുന്നു പ്രതിഷേധം. കമലിന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് വഴിയില്‍നിന്ന് ദേശീയഗാനം ആലപിച്ച് പ്രതിഷേധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. കമല്‍ മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കലാഭവന്‍ തിയറ്ററിനു മുന്നില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കമലിന്റെ കോലം കത്തിക്കുകയും ചെയ്തു.
ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ ഇനി തിയറ്ററില്‍നിന്നും അറസ്റ്റ് ചെയ്യരുതെന്ന കമലിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം ആലപിക്കണമെന്ന നിയമത്തിന്റെ പരിധിയില്‍നിന്ന് തിരുവനന്തപുരം ചലച്ചിത്രമേളയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കൊടുങ്ങല്ലുര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്. ഇത്തരത്തില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് കമല്‍ കൂട്ടുനിന്നെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
Post Your Comments