ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ഹാക്കര്‍ ഗ്രൂപ്പ്. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ലീജിയണിന്റെ പ്രതിനിധിയുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. രാഹുല്‍ മോശം രാഷ്ട്രീയനേതാവാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതെന്നുമാണ് കുപ്രസിദ്ധ ഹാക്കര്‍ ഗ്രൂപ്പായ ലീജിയണിന്റെ വെളിപ്പെടുത്തല്‍.പ്രമുഖ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മദ്യ വ്യവസായി വിജയ് മല്യ, ദൃശ്യമാധ്യമ പ്രവര്‍ത്തകരായ ബര്‍ക്കാ ദത്ത്, രവീഷ്‌കുമാര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ അടുത്തിടെ ലീജിയണ്‍ ഹാക്കര്‍ ഗ്രൂപ്പ് ട്വിറ്ററുകള്‍ ഹാക്ക് ചെയ്തതെന്നും, ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സംഭാഷണത്തിലാണ് വെളിപ്പെടുത്തല്‍.
ക്വിന്റ് ന്യൂസ് പോര്‍ട്ടലിന്റെ അസോസിയറ്റ് എഡിറ്റര്‍ പൂനം അഗര്‍വാളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഹാക്കറുടെ ഗുരുതര ആരോപണം. രാഹുല്‍ ഗാന്ധി മോശം രാഷ്ട്രീയക്കാരനാണെന്ന് പറയുന്ന ഹാക്കര്‍ അദ്ദേഹത്തെ തെറി വിളിക്കുന്നുമുണ്ട്. അതേസമയം മോദി ഒരു നല്ല മനുഷ്യനാണെന്ന് ചോദ്യം ചോദിക്കാതെ തന്നെ പൂനം അഗര്‍വാളിനോട് ഹാക്കര്‍ പറയുന്നുണ്ട്. ബിജെപി സാമ്പത്തികമായി സഹായിക്കുന്നവരാണ് ലീജിയണെന്ന വാദത്തെ തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് ഹാക്കര്‍ പറയുന്നുണ്ട്.
ഹാക്കറുമായി ക്വിന്റ് അസോസിയേറ്റ് എഡിറ്റര്‍ നടത്തിയ ഫോണ്‍ സംഭാഷണം
സ്വന്തം ഫോണിന്റെ സ്‌ക്രീനില്‍ സ്വന്തം ഫോണ്‍ നമ്പര്‍ തന്നെയാണ് എതിര്‍ഭാഗത്തുള്ള ഹാക്കറിന്റെ നമ്പറിന് പകരം കാണുന്നതെന്ന് പൂനം പറഞ്ഞു കൊണ്ടാണ് ഫോണ്‍ സംഭാഷണം ആരംഭിക്കുന്നതു തന്നെ. താനൊറ്റയ്ക്ക് ഒരാളല്ലെന്നും ലീജിയണ്‍ എന്ന ഹാക്കര്‍ ഗ്രൂപ്പിന് പിന്നില്‍ മൂന്ന് ആളുകളുണ്ടെന്നും ഹാക്കര്‍ പറയുന്നു.
എന്തു കൊണ്ടാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്ര താത്പര്യമെന്ന ചോദ്യത്തിന്. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത് വൃത്തികെട്ട കാര്യങ്ങളാണെന്നും ചെയ്യുന്നതെല്ലാം സ്വയം പേര് നേടാനാണെന്നും ഹാക്കര്‍ കുറ്റപ്പെടുത്തുന്നു. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയവുമായി മുന്നോട്ടു പോവുന്ന ബി ജെ പി എന്ന പാര്‍ട്ടി നല്ലകാര്യങ്ങളാണ് ചെയ്യുന്നത്. അത് കൊണ്ടാണ് ബി ജെ പിക്കാരെ ഹാക്ക് ചെയ്യാത്തത്- ഹാക്കര്‍ പറയുന്നു.
വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നതെന്നും നല്ല മനുഷ്യരല്ലാത്തതിനാലാണ് ബര്‍ക്കാദത്തിന്റെയും രവിഷ്‌കുമാറിന്റെയും ട്വിറ്റരുകള്‍ ഹാക്ക ചെയ്തതെന്നും ഹാക്കര്‍ പറയുന്നു. അവര്‍ ചാനലുകളിലൂടെ ഒച്ച വെക്കുക മാത്രമാണ് ചെയ്യുതെന്നും ഹാക്കര്‍ പറയുന്നു. ഡിജിറ്റല്‍ ഇന്ത്യയ്‌ക്കെതിരാണ് ഇത്തരം മാധ്യമ പ്രവര്‍ത്തകരുടെ നിലപാടെന്നും അജ്ഞാതന്‍ ആരോപിക്കുന്നു. പണം കിട്ടിയാല്‍ ആരെയും ഹാക്ക് ചെയ്യുന്നവരല്ല തങ്ങള്‍. ഹാക്കു ചെയ്യുന്നതിന്റെ മാനദണ്ഡം പണമല്ലെന്നും ഹാക്കര്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തങ്ങള്‍ ഉന്നം വെക്കുന്നുണ്ടെന്നും എല്ലാ വിവരങ്ങളും ഉടന്‍ തന്നെ പുറത്തു വിടുമെന്നും ഇവര്‍ പറയുന്നു.
Post Your Comments