മലപ്പുറം ● മലപ്പുറം നിലമ്പൂരിലെ കരുളായി വനത്തിൽ മാവോയിസ്റ്റുകളും കേരള പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കേരള പോലീസ് ഡിജിപി, മലപ്പുറം ജില്ലാ മജിസ്‌ട്രേറ്റ്, മലപ്പുറം എസ് പിയോടും സമഗ്രമായ അന്വേഷണ റിപ്പോർട്ട് എട്ട് ആഴ്ചക്കകം സമ്മർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. ഗുരുതരമായ സംഭവം നടന്നിട്ടു കമ്മീഷനെ വിഷയം ഇതുവരെ അറിയിക്കാത്തതിൽ അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഏറ്റുമുട്ടൽ കമ്മീഷനെ ധരിപ്പിച്ചില്ലെന്നും 2010-ലെ നിയമം അനുസരിച്ചു ഇത്തരം സംഭവം ഉണ്ടായാൽ 48 മണിക്കൂറിനകം ധരിപ്പിക്കേണ്ടതാണ് എന്നും കമ്മീഷൻ വ്യക്തമാക്കി. കേരള പോലീസ് ഡിജിപി, മലപ്പുറം ജില്ലാ മജിസ്‌ട്രേറ്റ്, മലപ്പുറം എസ് പിയോടും സമഗ്രമായ അന്വേഷണ റിപ്പോർട്ട് 8 ആഴ്ചക്കകം സമ്മർപ്പിക്കാൻ നിർദ്ദേശിച്ചു.
മട്ടാഞ്ചേരി സ്വദേശി കെ ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.
“ഈ വിഷയത്തിൽ കേരള പോലീസ് തുടക്കം മുതലേ എന്തോ ഒളിച്ചുവെക്കുന്നുണ്ട്. ഒരു ഏറ്റുമുട്ടൽ നടന്നുവെന്ന് തെളിയിക്കാൻ പോലും ഇതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും പ്രകോപനം ഒന്നുമുണ്ടാകാതെ എന്തിനാണ് രണ്ടു പുരുഷന്മാരെയും ഒരു വനിതയെയും കേരള പോലീസ് വെടിവെച്ചത്? ഒരു വ്യാജ ഏറ്റുമുട്ടലാണ് അവിടെ നടന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൽ വ്യക്തത വരുത്താനും കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെയുമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്,” മനുഷ്യാവകാശപ്രവർത്തകനും ബ്ലോഗറുമായ ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു.
കേരള ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അയച്ച നോട്ടീസ് അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇതേ കാര്യം തന്നെയാണ് മലപ്പുറം ജില്ലാ മജിസ്‌ട്രേറ്റിനും മലപ്പുറം എസ്പിക്കും കൊടുത്തിരിക്കുന്നത്.
ഒക്‌ടോബർ 24 ന് ഒഡീഷ-ആന്ധ്ര അതിർത്തിപ്രദേശമായ മാൽക്കൻഗിരിയിൽ 24 മാവോയിസ്റ്റുകളെ ഒഡീഷ-ആന്ധ്ര പോലീസിന്റെ സംയുക്ത സേന കൊലപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടൽ വ്യാജമാണെന്ന് വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുമ്പോൾ മലപ്പുറത്ത് നടന്ന് ഏറ്റുമുട്ടലിൽ നീതിയുക്തമായ അന്വേഷണം അനിവാര്യമാണ് ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം കേരളത്തിന്റെ പലഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടും കേരള പോലീസ് ഇന്റലിജൻസ് വകുപ്പ് എന്തുകൊണ്ടാണ് വേണ്ട മുൻകരുതൽ എടുക്കാതെ ഇരുന്നത്. “ജീവനോടെ പിടികൂടുന്നതിന് പകരം തീവ്രവാദികളെ പോലെ കൈകാര്യം ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണ്,” അദ്ദേഹം പറഞ്ഞു.
Post Your Comments