തൊടുപുഴ: കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് ഇടുക്കി രൂപതാധ്യക്ഷന്റെ ഇടയലേഖനം വന്‍ വിവാദമാകുന്നു. കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയാണ്. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ഥരുമാണെന്നു ക്രിസ്മസിന് മുന്നോടിയായി വിശ്വാസികള്‍ക്ക് രൂപതാധ്യക്ഷന്‍ അയച്ച ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങള്‍ ഈ ഇടയേലഖനം വാര്‍ത്തയാക്കി. തിരുപ്പിറവിയും ശിശുക്കളുടെ ജനനവുമെന്ന തലക്കെട്ടിലെ ഇടയലേഖനത്തിന്റെ പകര്‍പ്പ് സഹിതമാണ് വാര്‍ത്ത നല്‍കല്‍.
ഇതോടെ രൂപതാധ്യക്ഷന്‍ വിലയിരുത്തലുകള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. ക്രൈസ്തവ സഭയുടെ മൊത്തം അഭിപ്രായമായി ഇതിനെ വിലയിരുത്തുന്ന തരത്തിലാണ് ഈ ഇടയലേഖനം ചര്‍ച്ചയാകുന്നത്.
ക്രിസ്തുമസിന് മുന്നോടിയായി ഇറക്കുന്ന ഇടയലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. നിങ്ങള്‍ പെരുകണം നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത് എന്ന ബൈബിള്‍ വചനം ചൂണ്ടിക്കാണിച്ചാണ് ഇടയലേഖനം സമാപിക്കുന്നത്.
ഓരോ കുടുംബവും ജീവസംസ്‌കാരത്തിനായുള്ള പ്രാദേശിക സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. ഇടയലേഖനം ഡിസംബറിലെ ഒരു ഞായറാഴ്ച കുര്‍ബാനമധ്യേ വായിക്കണമെന്നും ഇതോടൊപ്പം നിര്‍ദേശിച്ചിട്ടുണ്ട്.
‘കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനെക്കാള്‍ ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്നവര്‍ അഹങ്കാരികളും സ്വാര്‍ഥരുമാണ്. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു.
സുഖസൗകര്യങ്ങള്‍ വര്‍ധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികള്‍ വേണ്ടെന്ന് വയ്ക്കാന്‍ കാരണം.’വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുമ്പോള്‍ ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ തന്നെ ഈ വാദങ്ങള്‍ ചര്‍ച്ചയാകുന്നത്.
Post Your Comments