ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇതിനു പിന്നിലുള്ള സൂത്രധാരനെ ആരും അറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. നോട്ട് അസാധുവാക്കല്‍ നടപടിക്കുള്ള മുന്നൊരുക്കം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ അതീവരഹസ്യമായിട്ടാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് ഗുജറാത്ത് കാലം മുതല്‍ക്കേ മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനും. അദ്ദേഹത്തിനൊപ്പം നിന്നത് അഞ്ച് ഉദ്യോഗസ്ഥര്‍.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ ധനകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ഹസ്മുഖ് ആദിയ ആണ് നോട്ട് അസാധുവാക്കലിനു ചുക്കാന്‍ പിടിച്ചതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. ആദിയയും അഞ്ച് ഉദ്യോഗസ്ഥരും പുറമേ ഏതാനും യുവ ഗവേഷകരും ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതയിലെ രണ്ടു മുറികളിലിരുന്നാണ് നോട്ട് അസാധുവാക്കലിന്റെ രൂപരേഖ തയാറാക്കിയത്.
ഗുജറാത്തില്‍ പ്രവര്‍ത്തിക്കവേ മോദിയെ യോഗയിലേക്ക് നയിച്ചത് ആദിയ ആയിരുന്നുവത്രേ. പിന്നീട് ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രാലയത്തില്‍ റവന്യു സെക്രട്ടറിയായി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കീഴിലാണ് ഇദ്ദേഹമെങ്കിലും പ്രധാനമന്ത്രിയുമായി നേരിട്ട് ‘ഹോട്‌ലൈന്‍’ ബന്ധമുള്ളയാളാണ്. മാതൃഭാഷയായ ഗുജറാത്തിയിലാണത്രേ മോദിയും ആദിയയും പരസ്പരം സംസാരിക്കുക.
നോട്ട് അസാധുവാക്കലിനു മുന്നോടിയായി ധനമന്ത്രാലയം, റിസര്‍വ് ബാങ്ക് എന്നിവയിലെ ഉദ്യോഗസ്ഥരുമായും സാമ്പത്തിക വിദഗ്ധരുമായും മോദി പലവട്ടം വെവ്വേറെ ആശയവിനിമയം നടത്തിയിരുന്നുവത്രേ. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ എത്ര സമയമെടുക്കും, അവ എങ്ങനെ വിതരണം ചെയ്യും, പുതിയ നിക്ഷേപങ്ങള്‍ വന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്കു മെച്ചമുണ്ടാകുമോ, നോട്ട് അസാധുവാക്കിയാല്‍ ആര്‍ക്കാണു മെച്ചമുണ്ടാവുക തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉദ്യോഗസ്ഥരില്‍നിന്നും വിദഗ്ധരില്‍നിന്നും മോദി ശേഖരിച്ചു. എന്നാല്‍, നോട്ട് അസാധുവാക്കല്‍ നടപടി വരാന്‍ പോകുന്നു എന്ന സൂചന ആര്‍ക്കും കിട്ടാത്ത രീതിയില്‍ വെവ്വേറെ ആളുകളോട് പല സമയങ്ങളിലാണ് ആശയം വിനിമയം നടത്തിയതത്രേ.
Post Your Comments