Gulf

ദുരിതപ്രവാസത്തിൽ നിന്നും രക്ഷപ്പെട്ട് ശിവമ്മയും ബുജമ്മയും നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം● ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനാകാതെ സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുമ്പോൾ, വിസ ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളിൽ മയങ്ങി, കെട്ടുതാലി വരെ പണയപ്പെടുത്തി കാശ് നൽകി വിസ വാങ്ങി, വീട്ടുജോലിയ്ക്കായി സൗദിയിൽ എത്തുകയും, പിന്നീട് പ്രവാസത്തിന്റെ ദുരിതങ്ങളിൽ എല്ലാ പ്രതീക്ഷകളും തകർന്ന്, ഒന്നുമില്ലാതെ തിരികെ മടങ്ങേണ്ടി വരുന്ന നൂറുകണക്കിന് വീട്ടമ്മമാരുടെ കഥകൾക്ക് ഒരു തുടർച്ചയെന്നോണം, ആന്ധ്രാപ്രദേശ് സ്വദേശിനികളായ രണ്ടുപേർ കൂടി വനിതാ അഭയകേന്ദ്രം വഴി, നവയുഗം സാംസ്കാരികവേദിയുടെയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനികളായ ശിവമ്മയും, ബുജമ്മയും അഞ്ചു മാസങ്ങൾക്കു മുൻപാണ് സൗദിയിലെ ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. നാലുമാസം ജോലി ചെയ്തിട്ടും ഒരു റിയാൽ പോലും ശമ്പളമായി സ്പോൺസർ നൽകിയില്ല. മാത്രമല്ല ശമ്പളം ചോദിച്ചാൽ, മാനസികവും ശാരീരികവുമായ പീഡനവും നേരിടേണ്ടി വന്നിരുന്നു. ഒടുവിൽ സഹികെട്ട്, ആരും കാണാതെ പുറത്തു കടന്ന അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. സൗദി പോലീസ് അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ രണ്ടുപേരോടും സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി, ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്തു. നവയുഗം ജീവകാരുണ്യപ്രവർത്തകരുമൊത്ത് മഞ്ജു അവരുടെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അവരുടെ ഒരു കാര്യവും തനിയ്ക്കറിയണ്ട എന്ന നിലപാടിൽ, യാതൊരു സഹകരണത്തിനും സ്പോൺസർ തയ്യാറായില്ല.

തുടർന്ന് ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് മഞ്ജു മണിക്കുട്ടൻ രണ്ടുപേർക്കും ഔട്ട്പാസ്സ് എടുത്തു നൽകുകയും, വനിതാ അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. നവയുഗം പ്രവർത്തകർ ബുജമ്മയെ കയറ്റിവിട്ട നാട്ടിലെ ഏജൻസിയുമായി പല പ്രാവശ്യം ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ, അവർ വിമാനടിക്കറ്റ് നൽകാൻ തയ്യാറായി. ശിവമ്മയ്ക്ക് അവരുടെ ഭർത്താവ് നാട്ടിൽ നിന്നും ടിക്കറ്റ് അയച്ചു കൊടുത്തു.

എല്ലാ നിയമനടപടികളും പൂർത്തിയാക്കി, സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് രണ്ടു പേരും നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button