KeralaNews

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്..

തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് . വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഏകദേശം നിലച്ച നിലയിലാണ്. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളില്‍ ഇനി അവശേഷിക്കുന്നത് നാല്‍പത്തിയൊമ്പത് ശതമാനം വെള്ളം മാത്രമാണ്. ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ക്കും തുടക്കമാകുന്നതോടെ വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ധനയുണ്ടാകും.
വേനല്‍ കടുക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും വര്‍ധിച്ചതോടെ ഇടുക്കിയിലെ ജലനിരപ്പ് ദിനംപ്രതി താഴുകയാണ്. നിലവില്‍ അണക്കെട്ടില്‍ 41 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കുറവ്. മറ്റ് അണക്കെട്ടുകളുടെ സ്ഥിതിയും പരിതാപകരമാണ്. വനങ്ങളിലും മഴയില്ലാതായതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നാമമാത്രമായി.

കഷ്ടിച്ച് ഒരു മാസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ അവശേഷിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. 62.45 ദശലക്ഷം യൂണിറ്റായിരുന്നു ഈ മാസത്തെ ശരാശരി വൈദ്യുതി ഉപയോഗം. ഇന്നലെ ഇത് 65 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ കൂടി തുടങ്ങുന്നതോടെ ഇത് എഴുപത് മറികടക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്നതിലെ എണ്‍പത് ശതമാനം വൈദ്യുതിയും നിലവില്‍ പുറത്തു നിന്നാണ് വാങ്ങുന്നത്. വരും ദിവസങ്ങളില്‍ ഈ അളവും വര്‍ധിപ്പിക്കേണ്ടിവരും. ഒപ്പം ബോര്‍ഡും വന്‍കടക്കെണിയിലാകും. പ്രതിസന്ധി രൂക്ഷമാകുമ്പോഴും വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ കാര്യക്ഷമമായ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല.

shortlink

Post Your Comments


Back to top button