Gulf

മരുഭൂമിയിലെ ആടുജീവിതത്തിൽ നിന്നും മലയാളിയെ നവയുഗം രക്ഷപ്പെടുത്തി

അൽഹസ● ഹൌസ് ഡ്രൈവർ വിസയിൽ കൊണ്ടുവന്ന്, മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കാൻ നിർബന്ധിതമായതിനാൽ ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം പള്ളിമുക്ക് സ്വദേശിയായ ദീപു ദേവരാജൻ ഒൻപതു മാസങ്ങൾക്ക് മുൻപാണ് ഹൌസ് ഡ്രൈവർ വിസയിൽ അൽഹസ്സയിൽ എത്തിയത്. പള്ളിമുക്കിൽ തന്നെയുള്ള അയൽവാസിയായ ഒരു ഏജന്റ് ആണ്, ഒരു ലക്ഷം രൂപ വാങ്ങി, ദീപുവിന് വിസ നൽകിയത്.

എന്നാൽ സൗദിയിൽ എത്തിക്കഴിഞ്ഞപ്പോൾ, സ്പോൺസർ ദീപുവിനെ മരുഭൂമിയുടെ ഉള്ളിലുള്ള ഒരു ഒട്ടകഫാമിലാണ് കൊണ്ടുപോയത്. അവിടത്തെ ഒട്ടകങ്ങളെ മേയ്ക്കുകയും, പരിചരിയ്ക്കുകയും ചെയ്യുന്ന ജോലിയാണ് ദീപുവിന് കിട്ടിയത്. ചില സുഡാനികളും, സൗദികളും മാത്രമായിരുന്നു ആ ഫാമിൽ ജോലിയ്ക്ക് ഉണ്ടായിരുന്നത്. മരുഭൂമിയിലെ ചൂടിലും വെയിലിലും, പുറംലോകവുമായി ബന്ധമില്ലാതെ, പലപ്പോഴും ഭക്ഷണമോ, വെള്ളമോ ആവശ്യത്തിന് സമയത്ത് കിട്ടാതെ, ദീപുവിന്റെ ജീവിതം ദുരിതമയമായി. പലപ്പോഴും, ചെയ്യുന്ന ജോലിയിൽ കുറ്റം കണ്ടുപിടിച്ച്, സുഡാനികളും സൗദികളും ദീപുവിനെ മർദ്ദിയ്ക്കാനും തുടങ്ങി.

ഫാമിൽ വെള്ളവും മറ്റു സാധനങ്ങളും കൊണ്ട് വരുന്ന മലയാളികളുടെ സഹായത്തോടെ ദീപു പല സാമൂഹ്യപ്രവർത്തകരെയും ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും, ഫലമുണ്ടായില്ല. ഒടുവിൽ ഒരാൾ നൽകിയ വിവരമനുസരിച്ച് , നവയുഗം അൽഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോടിനെ ഫോണിൽ ബന്ധപ്പെട്ട ദീപു. തന്റെ ദയനീയാവസ്ഥ വിവരിച്ച് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് ഹുസൈനും നവയുഗം പ്രവർത്തകരും നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ, മരുഭൂമിയ്ക്കുള്ളിൽ ദീപു ജോലി ചെയ്യുന്ന ഒട്ടകഫാo കണ്ടുപിടിച്ചു. കിട്ടിയ നിർദ്ദേശപ്രകാരം അവിടെ നിന്ന് ആരും കാണാതെ പുറത്തു കടന്ന ദീപുവിനെ നവയുഗം ജീവകാരുണ്യ പ്രവർത്തകർ രക്ഷപ്പെടുത്തി അൽ ഹസ്സയിൽ കൊണ്ടുവന്നു. നവയുഗം ശുഖൈക്ക് യൂണിറ്റ് രക്ഷാധികാരി ഷെമീൽ നെല്ലിക്കോട് ദീപുവിന് അഭയം നൽകി.

ഹുസ്സൈൻ കുന്നിക്കോട് ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട്, ദീപുവിന്റെ കേസിൽ ഇടപെടാൻ അനുമതിപത്രം വാങ്ങി. തുടർന്ന് ഹുസ്സൈന്റെ സഹായത്തോടെ ദീപു ലേബർ കോടതിയിൽ സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്തു. ലേബർ കോടതിയിൽ മൂന്നു തവണ കേസ് വിളിച്ചപ്പോഴൊന്നും, സ്പോൺസർ കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി സൗദി പോലീസിൽ വിവരമറിയിച്ചപ്പോൾ, അപകടം മണത്ത സ്പോൺസർ, കോടതിയിൽ ഹാജരായി. ദീപുവിന്റെ നോട്ടക്കുറവ് കൊണ്ട് തന്റെ ഒരു ഒട്ടകത്തിന്റെ കുട്ടി മരണപ്പെട്ടു പോയെന്നും, അതിന് നഷ്ടപരിഹാരമായി 8000 രൂപ തരണമെന്നും സ്പോൺസർ കോടതിയിൽ വാദിച്ചു. ഇത് തെറ്റായ ആരോപണമാണെന്നും, പൈസ നൽകാൻ കഴിയില്ലെന്നും, തർക്കപരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ഈ കേസ് മേൽക്കോടതിയിലേയ്ക്ക് റഫർ ചെയ്യണമെന്നുമുള്ള ഉറച്ച നിലപാട് ഹുസ്സൈൻ കുന്നിക്കോട് കോടതിയിൽ സ്വീകരിച്ചു. തുടർന്ന് കേസ് മറ്റൊരു തീയതിയിലേയ്ക്ക് മാറ്റി വെച്ചു.

ദീപുവിന് വിസ നൽകിയ ഏജന്റിനെ ഹുസ്സൈൻ കുന്നിക്കോട് പലതവണ ബന്ധപ്പെട്ടെങ്കിലും, അയാൾ ഒരു സഹായവും ചെയ്യാൻ തയ്യാറായില്ല.

കോടതിയുടെ പുറത്ത്, ഹുസൈൻ കുന്നിക്കോട് സ്പോൺസറുമായി പലപ്രാവശ്യം ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ദീപുവിന്റെ വിസയ്ക്കും മറ്റുമായി തനിയ്ക്ക് ചെലവാക്കേണ്ടി വന്ന തുകയുടെ കണക്കുകൾ പറഞ്ഞ സ്പോൺസർ, ഒടുവിൽ 2000 രൂപ നഷ്ടപരിഹാരം നൽകിയാൽ ഒത്തുതീർപ്പിന് തയ്യാറാകാമെന്ന് അറിയിച്ചു.

ദീപുവിന്റെ സാമ്പത്തികപരിമിതികൾ അറിയുന്ന ഷെമീൽ നെല്ലിക്കോട് തന്നെ ആ പണം നൽകി. തുടർന്ന് സ്പോൺസർ ദീപുവിന്റെ പാസ്സ്‌പോർട്ടും ഫൈനൽ എക്സിറ്റും നൽകി. നവയുഗം ഹാരാത്ത് യൂണിറ്റ് ജീവകാരുണ്യവിഭാഗം കൺവീനർ രതീഷ് രാമചന്ദ്രനും, നവയുഗം അൽഹസ്സ മേഖല ട്രെഷറർ സുശീൽ കുമാറും ദീപുവിന്റെ വിമാനടിക്കറ്റ് സ്പോൺസർ ചെയ്തു.

നവയുഗം ഹാരാത്ത് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ദീപുവിന് യാത്രരേഖകളും, വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും കൈമാറി. നിറഞ്ഞ കണ്ണുകളോടെ നവയുഗത്തിന് ഒരായിരം നന്ദി രേഖപ്പെടുത്തി ദീപു നാട്ടിലേയ്ക്ക് മടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button