
ന്യൂഡല്‍ഹി:• ലോകമാകെ നിരോധിച്ച 67 കീടനാശിനികളില്‍ 51 എണ്ണം ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധ പാനലിന്റെ ശുപാര്‍ശപ്രകാരമാണ് ഇതിന് അനുമതി നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം തുടരും.
27 കീടനാശിനികള്‍ക്കു നല്‍കിയ അനുമതി 2018ല്‍ പുനരവലോകനം ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ജി.രോഹിണി, ജസ്റ്റിസ് സംഗീത ധിന്‍ഗ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചിനു മുന്‍പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ കൃഷി മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഉപയോഗിക്കുന്ന 51 കീടനാശിനികളില്‍ ആറെണ്ണം 2020 ല്‍ നിരോധിക്കണമെന്നു വിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 13 കീടനാശിനികള്‍ക്കു സമ്പൂര്‍ണ നിരോധനമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചു ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ചു വരികയാണ്.
അതേസമയം, ഫെനിത്രോതിയോന്‍ എന്ന കീടനാശിനി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രാലയം അറിയിച്ചു.
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിച്ചു. വിദഗ്ധ പാനല്‍ പിരിച്ചുവിട്ട് പുതിയ പാനല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു പുതിയ ഹര്‍ജി നല്‍കി. വിദഗ്ധ പാനലില്‍ കീടനാശിനി കമ്പനികളുടെ പ്രതിനിധികളുണ്ടെന്നും അവര്‍ക്കു വ്യവസായ താല്‍പര്യങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഡിഡിടി കീടനാശിനി പരിമിതമായ അളവില്‍ ആരോഗ്യ മേഖലയിലും കൊതുകു നശീകരണത്തിനും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഇതിനു പൂര്‍ണ നിരോധനമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ ഗ്യാരന്റൈയിന്‍ ആന്‍ഡ് സ്റ്റോറേജ് ഡയറക്ടറേറ്റിന്റെ അഭിപ്രായമാരാഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും.
Post Your Comments