India

പത്രക്കടലാസില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ മുന്നറിയിപ്പ്

കൊച്ചി : പത്രക്കടലാസില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ മുന്നറിയിപ്പ്. പേപ്പറില്‍ പൊതിഞ്ഞ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പേപ്പറിലും മഷിയിലും അടങ്ങിയിട്ടുള്ള മാരകമായ വിഷമാകും ഉള്ളില്‍ ചെല്ലുന്നത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പലതരം രാസവസ്തുക്കളുണ്ട്, അച്ചടി മഷിയില്‍. അതു ഭക്ഷണവുമായി കൂടിക്കലരാന്‍ പാടില്ല. രാസവസ്തുക്കള്‍ക്കു പുറമെ, രോഗഹേതുക്കളായ സൂക്ഷ്മജീവികളും പത്രക്കടലാസില്‍ ഉണ്ടാകും.

കഴിക്കുന്നതിനു മുമ്പ് എണ്ണപ്പലഹാരങ്ങളിലെ എണ്ണ കളയാന്‍ സാധാരണ എല്ലാവരും പത്രക്കടലാസ് ഉപയോഗിക്കുന്നത് പതിവാണ്. ട്രെയിനുകളിലും തട്ടുകടകളിലും ഇതു കൂടുതലാണ്. ഇതും അപകടകരമാണെന്ന് അതോറിറ്റി പറയുന്നു. ഇത്തരം ശീലങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കാന്‍ ബോധവത്കരണ പരിപാടികളും മറ്റും തുടങ്ങണമെന്നാണ് അതോറിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. പത്രക്കടലാസില്‍ നേരിട്ട് ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതും അതില്‍ വച്ചു കഴിക്കുന്നതും ഒഴിവാക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അതോറിറ്റി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ഇത്തരം ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ കുറേശ്ശെയായി വിഷം അകത്താക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ പറയുന്നു.പല ഭക്ഷ്യവസ്തുക്കളും പത്രക്കടലാസില്‍ നേരിട്ടു പൊതിയുന്നത് നമ്മുടെ രാജ്യത്ത് പതിവാണെന്ന് അതോറിറ്റി പറയുന്നു.

വൃത്തിയായി പാകം ചെയ്യുന്ന നല്ല ഭക്ഷണം പോലും ഇക്കാരണം കൊണ്ട് അപകടകരമാവാം. ചെറിയ ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലൊക്കെ ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്നത് പത്രക്കടലാസാണ്. ചോറും അതുപോലുള്ള ഭക്ഷണവുമാണെങ്കില്‍ ഇലയില്‍ പൊതിഞ്ഞിട്ടാകും പത്രക്കടലാസില്‍ വീണ്ടും പൊതിയുക. ആ ഇല കീറിയാല്‍ പ്രശ്‌നമാകും. ന്യൂസ് പേപ്പര്‍, മറ്റു പേപ്പറുകള്‍, കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ തുടങ്ങിയവയൊക്കെ ഉണ്ടാക്കുമ്പോള്‍ അതില്‍ മലിനവസ്തുക്കള്‍ ഉള്‍പ്പെട്ടുവെന്നു വരാം. ഈ പേപ്പര്‍ കൊണ്ട് ഭക്ഷ്യവസ്തു സ്പര്‍ശിക്കുന്നത് അപകടകരമാണെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button