KeralaNews

എരുമേലി വിമാനത്താവളത്തിന് ബിലീവേഴ്‌സ് അധികാരി കെ.പി. യോഹന്നാന്റെ അനുവാദം വേണ്ടെന്ന് ബി.ജെ.പി

തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് വിമാനത്താവളം പണിയുന്നതിന് കെ.പി. യോഹന്നാന്റെ അനുവാദം സംസ്ഥാന സര്‍ക്കാരിന് ആവശ്യമില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ തന്നെ സ്വകാര്യ വ്യക്തിയില്‍ നിന്നു വിലയ്ക്കു വാങ്ങി, ആ സ്വകാര്യ വ്യക്തിക്ക് പങ്കാളിത്തവും നല്‍കി വിമാനത്താവളം കൊണ്ടുവരുന്നതിനെയാണ് ബി.ജെ.പി എതിര്‍ത്തത്. അല്ലാതെ എരുമേലിയില്‍ വിമാനത്താവളം വരുന്നതിനെയല്ല എതിര്‍ത്തത്.

സര്‍ക്കാര്‍ സ്ഥലത്ത് വിമാനത്താവളം പണിയുന്നതില്‍ തെറ്റില്ല. പക്ഷേ, അനധികൃതമായി കൈവശം വച്ചിരിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്.
ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയെന്നാണ് അതിന്റെ ഉടമകളായ ബിലീവേഴ്‌സ് ചര്‍ച്ചും അതിന്റെ അധികാരികളും പറയുന്നത്. പക്ഷേ നിയമവിരുദ്ധമായ ഇടപാടിലൂടെയാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ കൈമാറ്റം എന്ന് കോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്.

2200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ വാങ്ങി വിമാനത്താവളം സ്ഥാപിക്കുമ്പോള്‍ ഇത്തരത്തില്‍ സംസ്ഥാനത്താകെ വിവിധ കമ്പനികളും ആളുകളും കൈയേറിവച്ചിരിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമി കൈവശക്കാര്‍ക്ക് സ്വന്തമാണെന്നുവരും. ഇത്രത്തോളം സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്നതും കോടികളുടെ അഴിമതിക്കു കളമൊരുങ്ങുന്നതുമായ ഈ ഇടപാടിനെയാണ് ബി.ജെ.പി എതിര്‍ത്തതെന്ന് വി. മുരളീധരന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button