KeralaNews

ജയലളിതയുടെ മരണം: ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കും

നാഗര്‍കോവില്‍: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സ്തംഭനാവസ്ഥ. മരണവാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ തീര്‍ത്തും വൈകാരികമായാണ് ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതികരിക്കുന്നത്.
തമിഴ്‌നാടിന്റെ അതിര്‍ത്തിജില്ലകളില്‍ ഇതിനോടകം തന്നെ എഐഡിഎംകെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു തുടങ്ങിയിട്ടുണ്ട്. 
കേരളത്തിലേക്കും കര്‍ണാടകയിലേക്കുമുള്ള റോഡുകള്‍ ഉപരോധിക്കാനും വാഹനങ്ങള്‍ അക്രമിക്കപ്പെടാനും സാധ്യതയുള്ളതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാന്‍ കേരള-കര്‍ണാടക പോലീസുദ്യോഗസ്ഥരും അനുവദിക്കുന്നില്ല. തമിഴ്‌നാട്ടിലേക്ക് സഞ്ചരിക്കുന്നവരോട് സ്വന്തം റിസ്‌കില്‍ പൊയ്‌ക്കൊള്ളാനാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്.

ശബരിമല തീര്‍ത്ഥാടകരടക്കം ആരേയും കടത്തിവിടില്ലെന്നാണ് എഐഡിഎംകെ നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. നാഗര്‍കോവില്‍ ഭാഗത്ത് ഇപ്പോള്‍ ഉപരോധം ഇല്ലെങ്കിലും രാവിലെയോടെ വാഹനങ്ങള്‍ തടയുമെന്ന് എഐഡിഎംകെയുടെ പ്രാദേശികനേതാക്കള്‍ പറയുന്നു.
ജയലളിതയുടെ സംസ്‌കാരം കഴിയും വരെയെങ്കിലും ബന്ദിന് തുല്യമായ അവസ്ഥയായിരിക്കും തമിഴ്‌നാട്ടില്ലെന്നാണ് സൂചന. പെട്രോള്‍ പമ്പുകള്‍ എല്ലാം ഇതിനോടകം അടച്ചു പൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം റോഡ് ഉപരോധം കൂടി വന്നാല്‍ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരെ ഇത് ബാധിച്ചേക്കും.
തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് തമിഴ്‌നാട്ടിലേക്ക് വരാന്‍ സാധിക്കില്ല എന്നത് കൂടാതെ ആന്ധ്രാ-തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട്ടില്‍ പ്രവേശിക്കാതെ കര്‍ണാടക വഴി ചുറ്റി തിരിഞ്ഞു വരേണ്ടി വരും. അങ്ങനെ വന്നാല്‍ ഇരട്ടിയിലേറെ ദൂരമാണ് ശബരിലമയിലെത്താന്‍ അവര്‍ക്ക് സഞ്ചരിക്കേണ്ടി വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button