KeralaNews

വിസിറ്റിഗ് വിസയില്‍ ഗള്‍ഫില്‍ എത്തുന്ന യുവതികള്‍ക്ക് അടിമപ്പണി : സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലുകള്‍ ആരെയും ഞെട്ടിപ്പിക്കും

നെടുമ്പാശ്ശേരി: സംസ്ഥാനത്തു നിന്നും വിദേശത്തേയ്ക്ക് അടിമപ്പണിയ്ക്കായി കൊണ്ടുപോകുന്ന സംഘം കേരളത്തില്‍ സജീവമായി വിലസുന്നു എന്നതിന് തെളിവ്. വിസിറ്റിങ് വിസയില്‍ വിദേശത്ത് എത്തുന്ന യുവതികളെ അവിടെയുള്ള മലയാളി ഏജന്റുമാര്‍ സ്ത്രീകളെ അടിമ വേല ചെയ്യിക്കുന്ന വിവിധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. നാട്ടിലുള്ള ഈ റാക്കറ്റിന്റെ കണ്ണികള്‍ വഴിയാണ് യുവതികളെ അടിമവേലയ്ക്കായി കൊണ്ടുപോകുന്നത്. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി വഴിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിവായത്.
ആലപ്പുഴ അരൂര്‍ വെളിയില്‍ പറമ്പില്‍ ചന്ദ്രലേഖയാണ് (42) സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് നെടുമ്പാശ്ശേരിയിലെത്തിയത്.

അടിമവേലയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോരുന്നതിന് വീട്ടുകാര്‍ ഒന്നര ലക്ഷത്തോളം രൂപ അയച്ചുകൊടുക്കേണ്ടി വന്നു.

ജൂലായ് 20നാണ് ഇവര്‍ വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക് പോയത്. ദുബായിലെ ഒരു തയ്യല്‍ കമ്പനിയില്‍ സൗജന്യ വിസയും ടിക്കറ്റുമുള്‍പ്പെടെ ജോലി ലഭിക്കുമെന്ന് ചേര്‍ത്തല സ്വദേശിനിയായ ഷീലാദേവിയാണ് ചന്ദ്രലേഖയെ ധരിപ്പിച്ചത്.

40,000 രൂപ ശമ്പളം ലഭിക്കുമെന്നും ജോലി ലഭിച്ച് ശമ്പളം കിട്ടിക്കഴിയുമ്പോള്‍ തനിക്കുള്ള പ്രതിഫലം തന്നാല്‍ മതിയെന്നുമാണ് പറഞ്ഞിരുന്നത്. ദുബായില്‍ എത്തിയപ്പോള്‍ പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ രത്‌നകല യാണ് ചന്ദ്രലേഖയെ സ്വീകരിച്ചത്. ഇവരാണ് അടിമവേലയ്ക്കായി വിവിധ രാജ്യങ്ങളില്‍ നിന്ന് സ്ത്രീകളെ ഒമാനിലേക്കും മറ്റും എത്തിച്ചുകൊടുക്കുന്നത്.

ആദ്യം ദുബായിലെ ഒരു വീട്ടില്‍ വീട്ടുജോലിക്കായി വിട്ടു. എന്നാല്‍ താന്‍ വീട്ടുജോലിക്കായി എത്തിയതല്ലെന്നും ചതിക്കപ്പെട്ടതാണെന്നും അറിയിച്ചപ്പോള്‍ അറബി ചന്ദ്രലേഖയെ രത്‌നകലയുടെ ഓഫീസില്‍ കൊണ്ടുചെന്നാക്കി. തുടര്‍ന്ന് അവിടെ നിന്ന് അല്‍- അയ്്്്‌നിലേക്ക് കൊണ്ടുപോയി ഒരു ഈജിപ്തുകാരന്റെ റിക്രൂട്ടിങ് ഏജന്‍സിക്ക് കൈമാറി.
ഈ ഏജന്‍സിയാണ് ഒമാനിലെത്തിച്ച് മറ്റൊരു വീട്ടില്‍ അടിമവേലയ്ക്ക് നിര്‍ത്തിയത്. ഇവരാണ് നിശ്ചിത തുക നല്‍കി ജോലിക്കായി വാങ്ങിയതാണെന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് ഏതാനും ദിവസം ജോലിചെയ്ത ശേഷം വീട്ടില്‍ ആരുമില്ലാതിരുന്ന തക്കംനോക്കി പുറത്തുചാടി.

ഇന്ത്യന്‍ എംബസിയില്‍ എത്തുന്നതിന് ടാക്‌സിക്കായി കാത്തുനില്‍ക്കുമ്പോള്‍ പോലീസ് പിടിച്ചു. തുടര്‍ന്ന് പോലീസ് ഇവരെ റിക്രൂട്ടിങ് സ്ഥാപനത്തിന് തന്നെ ഇവരെ കൈമാറി. തങ്ങള്‍ രത്‌നകലയുടെ ഏജന്‍സിക്ക് നല്‍കിയ ഒന്നര ലക്ഷം രൂപ തിരിച്ചുതന്നാല്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കാമെന്ന് റിക്രൂട്ടിംഗ് ഏജന്‍സി അറിയിച്ചു.
പിന്നീട് നാട്ടിലേക്ക് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പലരില്‍ നിന്നുമായി വീട്ടുകാര്‍ ഒന്നര ലക്ഷം രൂപ സമാഹരിച്ച് ഈജിപ്ത് സ്വദേശിക്ക് നല്‍കിയാണ് മോചനം നേടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button