തൃശൂര്‍: സംസ്ഥാന രാഷ്ട്രീയത്തെ ഏറെ ഇളക്കി മറിച്ച വടക്കാഞ്ചേരി പീഡന കേസിലെ ഇരയ്‌ക്കെതിരെ പൊലീസില്‍ പരാതി. ഇവരുടെ പത്ത് വയസുകാരിയായ മകളാണ് അച്ഛനമ്മമാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദേഹോപദ്രവവും മാനസികപീഡനവും ആരോപിക്കുന്ന പരാതിയാണ് പതിനൊന്നും ഒമ്പതും വയസ്സുള്ള കുട്ടികള്‍ നല്‍കിയത്. ചട്ടുകംകൊണ്ട് പൊള്ളിച്ചുവെന്നും ഭക്ഷണം തരാറില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് ആണ് ശനിയാഴ്ച കേസ് എടുത്തത്.
എന്നാല്‍, ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. ബാലപീഡനങ്ങള്‍ക്കെതിരായ വകുപ്പുകളാണ് ചുമത്തിയത് എന്നറിയുന്നു. അച്ഛനും അമ്മയും തമ്മില്‍ എന്നും നടക്കുന്ന ബഹളംമൂലം മനോവിഷമം അനുഭവിക്കുന്നതായും പരാതിയില്‍ ഉണ്ട്.
ചൈല്‍ഡ്‌ലൈന്‍ വഴിനല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.
പ്രാഥമിക പരിശോധനക്കുശേഷം ചൈല്‍ഡ്‌ലൈന്‍ പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ആസമയത്തും പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് കേസ് എടുത്തത്. പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകക്കു താമസിച്ചപ്പോള്‍ നടന്ന പീഡനങ്ങള്‍ സംബന്ധിച്ചാണ് പരാതി. കുട്ടികള്‍ ഇപ്പോള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്. ഇവരും നേരത്തേ യുവതിക്കും ഭര്‍ത്താവിനും എതിരെ പരാതിനല്‍കിയിരുന്നു.
പരാതിലഭിച്ചത് സ്ഥിരീകരിച്ച പൊലീസ് കേസിന്റെ മറ്റുനടപടിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സിപിഐ(എം) കൗണ്‍സിലറായ ജയന്തനുള്‍പ്പടെ നാലുപേര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ നടക്കുന്ന അന്വേഷണം ഇനി കോടതിയുടെ നിര്‍ദ്ദേശപ്രകാരം വേണമെന്ന് കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ സിപിഎമ്മും പൊലീസും നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു കോടതി ഉത്തരവ്. ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയെ കേസില്‍ക്കുടുക്കാനുള്ള നീക്കമെന്ന ആക്ഷേപവും സജീവമാണ്.
അതിനിടെ തന്റെ മക്കളെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയായ യുവതി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതികളുടെ സ്വാധീന വലയത്തിലാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. തങ്ങളെ സമൂഹമധ്യത്തില്‍ താറടിച്ച് കാണി്ക്കാനാണ് ശ്രമമെന്നും മക്കളെ നോക്കുന്നില്ലെന്ന ആരോപണം ഇതിന്റെ ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനോടൊപ്പമെത്തിയാണ് യുവതി പരാതി സമര്‍പ്പിച്ചത്.
Post Your Comments