Gulf

യു.എ.ഇയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

ദുബായ് : കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. സുരക്ഷക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വെബ്‌സൈറ്റ് നോക്കി സര്‍വീസ് റദ്ദാക്കിയോ എന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

ദുബായ് വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ കാഠ്മണ്ഡുവിലേക്കും ബഹ്‌റനിലേക്കും പോകേണ്ട വിമാനങ്ങള്‍ റദ്ദാക്കി. മറ്റ് സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം വൈകുമെന്ന് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ ട്വീറ്റ് ചെയ്തു. അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ മോട്ടോര്‍ വാഹനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിര്‍ദേശം നല്‍കി. അമിത വേഗത പാടില്ലെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു കാരണവശാലും മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്നും ദുബായ് പൊലീസിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഷാര്‍ജ വിമാനത്താവളത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നാല് മണിക്കൂറോളം വൈകിയാണ് പല വിമാനങ്ങളും ലാന്‍ഡ് ചെയ്തത്. അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിലും മൂടല്‍ മഞ്ഞ് ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ വിമാനങ്ങള്‍ വൈകിയതായി റിപ്പോര്‍ട്ടുകളില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button