NewsInternational

ബ്രിട്ടണിലും നോട്ട് വിവാദം : അഞ്ച് പൗണ്ടിന് രാജ്യത്ത് നിരോധനം

ലണ്ടന്‍:• ബ്രിട്ടനിലും നോട്ട് വിവാദം കൊഴുക്കുന്നു. ബ്രിട്ടണില്‍
പുതുതായി ഇറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിവാദം . പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍ ഹിന്ദുക്കള്‍ സ്വീകരിക്കരുതെന്നും ക്ഷേത്രങ്ങളില്‍ കാണിക്കയിടാനും മറ്റും ഉപോഗിക്കരുതെന്നും വിവിധ ക്ഷേത്രഭാരവാഹികള്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ബ്രിട്ടനിലെ വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ ഹിന്ദു ഫോറം ഓഫ് ബ്രിട്ടന്‍ (എച്ച്എഫ്ബി) നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോടും ആവശ്യപ്പെട്ടു. അറിവില്ലായ്മകൊണ്ട് സംഭവിച്ച പിഴവായാണ് ഇതിനെ കാണുന്നതെന്നും അതിനാല്‍തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍ ഉടന്‍തന്നെ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എച്ച്എഫ്ബി ഭാരവാഹികള്‍ പറഞ്ഞു.

ഇതിനോടകം മൂന്നു ക്ഷേത്രങ്ങളില്‍ നോട്ടുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെംപിള്‍സ് വക്താവ് സതീഷ് ശര്‍മ്മ ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിനോടു വെളിപ്പെടുത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ ക്ഷേത്രങ്ങളില്‍ സമാനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പുതിയ നോട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തയാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഇതിനകം 1,26,000 പേര്‍ ഒപ്പിട്ടുകഴിഞ്ഞു. ഒന്നരലക്ഷം പേരുടെ ഒപ്പുശേഖരിച്ചശേഷം പരാതി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കൈമാറും.

ഇതിനിടെ, കേംബ്രിഡ്ജിലെ പ്രമുഖ വെജിറ്റേറിയന്‍ കഫേയായ ”റെയിന്‍ബോ” ഇന്നലെ മുതല്‍ പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതു നിര്‍ത്തി. നോട്ടിലൂടെയുള്ള മൃഗക്കൊഴുപ്പിന്റെ ചെറിയ സാന്നിധ്യംപോലും സസ്യഭുക്കുകളായ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ഹോട്ടല്‍ ഉടമകള്‍ വിശദീകരിക്കുന്നു. ഇതുസംബന്ധിച്ച ബോര്‍ഡും ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ചു.
വിവിധ ഹിന്ദു സംഘടനകളുടെയും ക്ഷേത്രസമിതികളുടെയും വെജിറ്റേറിയന്‍ ഹോട്ടല്‍ ഉടമകളുടുടെയും പ്രതിഷേധം ബിബിസി അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രതിഷേധത്തോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള പുറപ്പാടിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍.

സെപ്റ്റംബറിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചുളിവുവീഴാത്തതും നനവു പറ്റാത്തതും എളുപ്പത്തില്‍ കീറാന്‍ സാധ്യതയില്ലാത്തതുമായ പുതിയ അഞ്ചുപൗണ്ട് നോട്ട് പുറത്തിറക്കിയത്. ഒരുവശത്ത് രാജ്ഞിയുടെയും മറുവശത്ത് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ചിത്രവുമായി പുറത്തിറക്കിയ നോട്ട് രാജ്യവ്യാപകമായി സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. നോട്ടിനു മിനുസം പകരാനും നനവ് പിടിക്കാതിരിക്കാനും ഉപയോഗിച്ചിരിക്കുന്ന നേര്‍ത്ത പാട മൃഗക്കൊഴുപ്പുകൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button