വാഷിംഗ്ടണ്‍ : ചൈനയ്ക്കു നേരെ ഒളിയമ്പ് എറിഞ്ഞ് അമേരിക്ക. ചൈനയുമായി ഒത്തുപോകില്ലെന്ന സൂചനകള്‍ നല്‍കി തായ്‌വാന്‍ പ്രസിഡന്റുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോണ്‍ സംഭാഷണം. 37 വര്‍ഷത്തിനുശേഷമാണ് ഒരു യു.എസ് പ്രസിഡന്റോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളോ തായ്‌വാനുമായി ഔദ്യോഗികമായി ബന്ധപ്പെടുന്നത്.
തങ്ങളുടെ അധീനതയില്‍ വരുന്ന പ്രദേശമെന്ന് ചൈന അവകാശപ്പെടുന്ന സ്ഥലമാണ് തായ്‌വാന്‍. അതിനാല്‍ത്തന്നെ മറ്റുരാജ്യങ്ങള്‍ തായ്‌വാനുമായി ബന്ധം സ്ഥാപിക്കുന്നതിനെ ചൈന എന്നും എതിര്‍ത്തുപോന്നിരുന്നു. ഇക്കാലമത്രെയും യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നവരും ചൈനയ്ക്ക് വഴങ്ങുകയുമായിരുന്നു. എന്നാല്‍ ഇതിനിപ്പോള്‍ മാറ്റം വന്നത് ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്–വെന്നുമായി ട്രംപ് സംസാരിച്ചെന്നു ട്രംപിന്റെ അനുയായികള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്. സ്ഥാനലബ്ധിയെ സായ് അഭിനന്ദിച്ചെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങളെക്കുറിച്ചു സംസാരിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം അവസാനം അധികാരത്തിലേറിയ സായിയെ ട്രംപും അഭിനന്ദിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം പത്തുമിനിറ്റിലേറെ നീണ്ടുനിന്നെന്നാണു തയ്‌വാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. അതേസമയം, തായ്‌വാന്‍ പ്രസിഡന്റ് തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചതായാണ് ട്രംപ് സമൂഹമാധ്യമമായ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ നിലവിലെ നയതന്ത്ര സാഹചര്യങ്ങള്‍ വച്ച് തായ്‌വാന്‍ നേതാവ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളെ അങ്ങോട്ടു വിളിക്കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. അതേസമയം, ഫോണ്‍ വിളിയെ തായ്‌വാന്റെ കേന്ദ്ര വാര്‍ത്താ ഏജന്‍സി ചരിത്രപരമെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു ഫോണ്‍ വിളിയെക്കുറിച്ച് ട്രംപ് വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിഷയം പുറത്തുവന്നതിനുശേഷം ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി വൈറ്റ്ഹൗസുമായി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യത്തിലുള്ള പ്രതിഷേധം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രത്തിലൂടെ ചൈന പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
Post Your Comments