Kerala

ക്രിസ്തുമസ് ആഘോഷവുമായി ബി.ഡി.ജെ.എസ്

പെരിന്തല്‍മണ്ണ● ബി.ജെ.പിയുടെ ആഭിമുഖ്യത്തിലുള്ള നൂറുല്‍ ഹുദ സമ്മേളനം കഴിഞ്ഞയുടന്‍ ക്രിസ്തുമസ് ആഘോഷത്തിന് സഖ്യ കക്ഷിയായ ബി.ഡി.ജെ.എസ് തയ്യാറെടുക്കുന്നു. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള ആരോഗ്യകരമായ മത്സരത്തിലാണ് എന്‍ഡിഎ യിലെ ഇരുകക്ഷികളും. നൂറുല്‍ ഹുദ എന്ന അറബിക് പേരില്‍ ബി.ജെ.പി നടത്തിയ ന്യൂനപക്ഷ സമ്മേളനം വന്‍ വിജയം ആയിരുന്നു. ഇതാണ് അതേ വഴിക്ക് നീങ്ങാന്‍ ബിഡിജെഎസിനെയും പ്രേരിപ്പിച്ചത്.

നൂറുല്‍ ഹുദക്ക് ഒരു ഇസ്ളാമിക് ടച്ച് ആയിരുന്നെങ്കില്‍ ഇവിടെ ക്രിസ്ത്യന്‍  ടച്ച് ആയെന്ന് മാത്രം. നിരവധി കുടിയേറ്റ ക്രൈസ്തവ കുടുംബങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളത്. മാത്രമല്ല, ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം എസ്എന്‍ഡിപിയുടെ ‘ബി’ ടീം അല്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു.

മലപ്പുറം ജില്ലയില്‍ ബി.ഡി.ജെ.എസിന്റെ ശകതി കേന്ദ്രങ്ങളിലൊന്നായ പെരിന്തല്‍മണ്ണ യിലാണ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്ര വിജയമായി മാറിയ നൂറുല്‍ ഹുദയുടെ ജനറല്‍ കണ്‍വീനറും ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രഞ്ജിത്ത് ഏബ്രഹാം തോമസാണ് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യുന്നത്. ഡിസംബര്‍ 17 ന് പെരിന്തല്‍മണ്ണ സ്ക്വയര്‍ ഗാര്‍ഡന്‍സില് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത് എസ്.എന്‍ഡി.പി യോഗം നിയുക്ത ഡയറക്ടര്‍ ബോര്‍ഡംഗം രമേഷ് കോട്ടയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മറ്റിയാണ്.

shortlink

Post Your Comments


Back to top button