KeralaNews

ജോയ് ആലുക്കാസ് ഷോറൂമില്‍ നിന്ന് കോടികളുടെ സ്വര്‍ണം കടത്തി : യുവതി അറസ്റ്റില്‍ : ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൊച്ചി: പ്രമുഖ ജ്വല്ലറിയായ ജോയ് ആലുക്കാസിന്റെ അങ്കമാലി ഷോറൂമില്‍ ജീവനക്കാരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയശേഷം ഏഴു കിലോ സ്വര്‍ണ്ണവുമായി മുങ്ങിയ അങ്കമാലി തുറവൂര്‍ കൃഷ്ണാഞ്ജലിയില്‍ ഷാര്‍മിള കോടതിയില്‍ കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഇവര്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്യുകയും കാക്കനാട് സബ് ജയിലിലേക്ക് അയക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഷാര്‍മിളയുടെ കീഴടങ്ങല്‍.

അങ്കമാലി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മോഷണക്കേസിലെ നാലാം പ്രതിയാണ് ഷാര്‍മിള. കേസിലെ കൂട്ടുപ്രതികളായ അങ്കമാലി ഷോറൂം മാനേജര്‍ തൃശൂര്‍ അടാട്ട് എലവുത്തിങ്കല്‍ വീട്ടില്‍ ഷൈന്‍ ജോഷി, അസിസ്റ്റന്റ് മാനേജരായിരുന്ന ചേര്‍പ്പ് കുരുതുകുളങ്ങര കുന്നത്ത് വീട്ടില്‍ കെ.പി ഫ്രാങ്കോ, മാള്‍ മാനേജര്‍ കൊരട്ടി കാതിക്കുടം മേലേത്ത് വീട്ടില്‍ എം.ഡി പൗലോസ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.

മറ്റു പ്രതികളുമായി ചേര്‍ന്ന് ഷാര്‍മിള നടത്തിയ ഗൂഢാലോചന, വഞ്ചന, ചതി എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇവരെ വരും ദിവസങ്ങളില്‍ തന്നെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പൊലീസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. യുവതി ചിലയിടത്ത് ഷാര്‍മിള രാജീവ് എന്ന പേരിലും മറ്റു ചില സ്ഥലങ്ങളില്‍ ഷാര്‍മിള രവികുമാര്‍ എന്ന പേരിലുമാണ് അറിയപ്പെടുന്നതത്രെ. സ്വര്‍ണം ജ്വല്ലറിയില്‍ നിന്ന് കടത്താനും വില്‍പ്പന നടത്താനും ജീവനക്കാരെ സഹായിച്ചത് ഷാര്‍മിളയാണ്. ഹരിപ്പാട് സ്വദേശിനിയായ ഇവര്‍ അടുത്തകാലം വരെ തൃപ്പൂണിത്തുറയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. തൊണ്ടി മുതലായ സ്വര്‍ണം കണ്ടെത്താന്‍ ഷാര്‍മിള വരണം.

എല്ലാ പ്രമുഖ ജുവലറികളുടെ ഷോറൂ മുകളിലും ആറു മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ഓഡിറ്റിംഗ് നടത്താറുണ്ട്. സ്ഥാപനത്തിലെ വില്‍പ്പനയും സ്റ്റോക്കും സംബന്ധിച്ച കണക്കെടുപ്പാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തിലൊരു അര്‍ധവാര്‍ഷിക ഓഡിറ്റിംഗ് ആണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 20ന് അങ്കമാലി ഷോറൂമില്‍ നടന്നത്. ഓഡിറ്റിംഗ് നടത്തിയ ഉദ്യോഗസ്ഥരാണ് സ്വര്‍ണം കടത്തിയ വിവരം കണ്ടെത്തിയത്. രണ്ടു കോടി മുപ്പത്തഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ജ്വല്ലറിയില്‍ നിന്ന് കടത്തിയിരിക്കുന്നത്.

7,202.91 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് 2016 മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള അഞ്ച് മാസത്തിനിടയില്‍ നഷ്ടമായത്. തുടര്‍ന്ന് റീജിയണല്‍ മാനേജര്‍ പൊലീസില്‍ പരാതി നല്‍കി.

റീജിയണല്‍ മാനേജര്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ജ്വല്ലറിയിലെ തന്നെ മൂന്ന് മാനേജര്‍മാര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയുടെയും തട്ടിപ്പിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ബില്ലിലും സ്റ്റോക്കിലും കൃത്രിമം കാണിച്ചാണ് ഷാര്‍മിളയുടെ സഹായത്തോടെ പലപ്പോഴായി സ്വര്‍ണം ജ്വല്ലറിക്ക് പുറത്തേക്ക് കടത്തിയതെന്ന് ബോദ്ധ്യപ്പെട്ടു.

shortlink

Post Your Comments


Back to top button