ന്യൂഡല്‍ഹി: ഇന്‍കംടാക്‌സ് നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് കഴിഞ്ഞദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച നിയമഭേദഗതി കള്ളപ്പണം സ്വര്‍ണമാക്കി സൂക്ഷിക്കുന്നവരെ കുടുക്കാന്‍ ഉദ്ദേശിച്ചുതന്നെയെന്ന് വ്യക്തമായതോടെ കറന്‍സി നിരോധനത്തിന് പിന്നാലെ രാജ്യത്താകെ ഇന്‍കംടാക്‌സ്എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ആരംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോകത്തുതന്നെ സ്വര്‍ണ ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്താണ് രാജ്യം. ഏതാണ്ട് ആയിരം മെട്രിക് ടണ്ണാണ് രാജ്യത്തെ ഉപഭോഗം.
ഇതില്‍ വലിയൊരു ശതമാനം കള്ളപ്പണം വെളുപ്പിക്കാനാണ് കാലാകാലമായി ഉപയോഗിക്കുന്നതെന്ന് വ്യക്തവുമാണെങ്കിലും ഇതുവരെ സ്വര്‍ണത്തിന്റെ ഉപയോഗത്തിന് കാര്യമായ നിയന്ത്രണമൊന്നും കൊണ്ടുവന്നിരുന്നില്ല.
പക്ഷേ, ഇനി കളി മാറുമെന്നു തന്നെയാണ് നവംബര്‍ 29ന് ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിര്‍ദിഷ്ട ടാക്‌സേഷന്‍ നിയമം (രണ്ടാം ഭേദഗതി) ബില്‍, 2016ലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്. ബില്ലിനെ പറ്റി പ്രചരിക്കുന്ന ഊഹാപോഹങ്ങളെ ഭയക്കേണ്ടതില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അനധികൃതമായി സ്വര്‍ണം കൈവശംവയ്ക്കുന്നവരെ പിടികൂടുകയെന്ന ലക്ഷ്യംതന്നെയാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.
1961ലെ ഇന്‍കംടാക്‌സ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഉറവിടം വ്യക്തമാക്കാതെ കൈവശംവച്ചിട്ടുള്ള സ്വത്തിന് ടാക്‌സ് ഈടാക്കാനുള്ള വകുപ്പ് ശക്തിപ്പെടുത്തുന്നതാണ് ഭേദഗതി. ഇതുപ്രകാരം ഇത്തരത്തിലുള്ള സ്വത്ത്, അത് സ്വര്‍ണമോ മറ്റെന്തെങ്കിലുമോ ആണെങ്കിലും അതിന്റെ മൂല്യത്തിന്റെ 60 ശതമാനം നികുതിയും കൂടാതെ 25 ശതമാനം സര്‍ചാര്‍ജും ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
നികുതി വെട്ടിപ്പുകാര്‍ കള്ളപ്പണം ബിസിനസില്‍ നിന്ന് കിട്ടിയ പണമാണെന്നും മറ്റു സോഴ്‌സുകളില്‍ നിന്ന് കിട്ടിയതാണെന്നുമെല്ലാം പറഞ്ഞ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് തടയാനാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇത്തരത്തില്‍ സ്വത്ത് പരിശോധിക്കുന്ന ഉദ്യോഗസ്ഥന് അത് അനധികൃതമാണെന്ന് കണ്ടെത്തിയാല്‍ കണ്ടുകെട്ടാനും പിന്നീട് കൃത്യമായ വിവരങ്ങള്‍ നല്‍കി നിയമപരമായി നേടിയ പണം കൊണ്ട് സമ്പാദിച്ചതാണെന്ന് ബോധ്യപ്പെടുത്തിയാല്‍ തിരിച്ചുനല്‍കാനും അധികാരം നല്‍കുന്നതാണ് വ്യവസ്ഥകള്‍. ഇതോടൊപ്പമാണ് സ്വര്‍ണത്തിന്റെ കാര്യത്തിലും വിശദീകരണം നല്‍കിയിട്ടുള്ളത്.
ഇതോടൊപ്പമാണ് ഒരാള്‍ക്ക് കൈവശംവയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധിയും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നത്. വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം, അവിവാഹിതയ്ക്ക് 250 ഗ്രാം, പുരുഷന് നൂറു ഗ്രാം എന്നിങ്ങനെ സ്വര്‍ണം കൈവശം വയ്ക്കുന്നതിന് അനുവാദമുണ്ടാകും. ഇതില്‍ കൂടുതല്‍ സ്വര്‍ണം പരിശോധനയ്ക്കിടെ കണ്ടെത്തിയാല്‍ അതിന് വ്യക്തമായ ഉറവിടം കാണിക്കേണ്ടിവരും.
ഈ പരിധി പ്രകാരമുള്ള സ്വര്‍ണം കൈവശംവച്ചാല്‍ ചോദ്യമൊന്നും ഉണ്ടാകില്ലെന്നും അല്ലെങ്കില്‍ അത് പിടിച്ചെടുക്കുമെന്നും ഇതോടെ വ്യക്തമാകുന്നു. പക്ഷേ, ഇത്തരത്തില്‍ ഉള്ള അധിക സ്വര്‍ണം നിങ്ങള്‍ നിയമപ്രകാരം സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയതാണെങ്കിലും ടാക്‌സ് നല്‍കേണ്ടതില്ലാത്ത കാര്‍ഷികവൃത്തിയിലെ ലാഭത്തില്‍ നിന്ന് വാങ്ങിയതാണെങ്കിലും പരമ്പരാഗതമായി ലഭിച്ചതാണെങ്കിലും അത് അന്വേഷണ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ വിട്ടുകിട്ടും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞതുപോലെ നിയമഭേദഗതി പ്രകാരമുള്ള 85ശതമാനം നികുതിയും സര്‍ചാര്‍ജും അടയ്‌ക്കേണ്ടിവരും.
പക്ഷേ, പുതിയ ടാക്‌സ് ഭേദഗതി ബില്ലിലെ നിര്‍ദേശങ്ങള്‍ പുറത്തുവന്നതോടെ വിഷയം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അനുവദിച്ച പരിധിക്കു പുറത്ത് സ്വര്‍ണം കണ്ടാല്‍ അത് പഴയ സ്വര്‍ണം ഉരുക്കി പുതിയതു പണിതതാണെങ്കില്‍ അതിന് എങ്ങനെ ഉറവിടം വെളിപ്പെടുത്താനാകുമെന്നും മറ്റുമുള്ള സംശയങ്ങളാണ് ഉയരുന്നത്. ഇനിയങ്ങോട്ട് വിവാഹവുമായി ബന്ധപ്പെട്ടും മറ്റും നൂറും ഇരുന്നൂറും അതിനുമേലും സ്വര്‍ണം വാങ്ങിക്കൂട്ടുന്നവര്‍ക്ക് അതിന് കഴിയില്ലെന്നുള്ളതും ചര്‍ച്ചയായിക്കഴിഞ്ഞു. വിവാഹവേളകളില്‍ ദേഹം മൂടുന്നവിധത്തില്‍ ആഭരണമണിഞ്ഞ വധുവിനെ ഇനി കാണാനാവില്ലെന്നും ഇരുന്നൂറു പവനും ലക്ഷ്വറി കാറും സ്ത്രീധനമെന്ന കാര്യമെല്ലാം ഇനി പഴങ്കഥകളാണെന്നും സോഷ്യല്‍ മീഡിയയില്‍ പുതിയ നിയമ ഭേദഗതിയെപ്പറ്റി അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
പുതിയ ഭേദഗതി വരുന്നതോടെ ഏറ്റവുമധികം പണികിട്ടുന്നത് രാജ്യത്താകെ, പ്രത്യേകിച്ചും കേരളത്തില്‍ മുക്കിലും മൂലയിലും ബ്രാഞ്ചുകള്‍ തുടങ്ങിയ ജൂവലറിക്കാര്‍ക്കു കൂടിയാണ്. വലിയ തുകകള്‍ക്ക് സ്വര്‍ണവില്‍പന നടത്തുമ്പോള്‍ അതിന് കൃത്യമായ ബില്‍ നല്‍കണമെന്ന് വ്യവസ്ഥ നേരത്തേ ഉണ്ടായിരുന്നെങ്കിലും ഇത്രയും കാലം മിക്ക ജ്വല്ലറികളും അതിന് തയ്യാറായിരുന്നില്ല. ബില്‍ ഇല്ലാതെ വാങ്ങിയാല്‍ തുക കുറച്ചുതരാമെന്ന് വ്യക്തമാക്കിയായിരുന്നു മിക്കയിടത്തും സ്വര്‍ണക്കച്ചവടം.
അടുത്തകാലത്താണ് ബില്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതരത്തില്‍ ജ്വല്ലറികള്‍ പരസ്യംപോലും നല്‍കിത്തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ബില്‍ നല്‍കല്‍ പ്രവണത തുടങ്ങിയത്. ഇത്തരത്തില്‍ ബില്‍ ഇല്ലാതെ സ്വര്‍ണം വാങ്ങിക്കൂട്ടിയവരും വിറ്റ ജ്വല്ലറികളും കുടുങ്ങാനുള്ള സാധ്യതയാണ് പുതിയ നിയമഭേദഗതിയിലൂടെ തെളിയുന്നത്.
കറന്‍സി നിരോധനം നരേന്ദ്ര മോദി പ്രഖ്യാപിച്ച ദിവസം രാത്രി രാജ്യത്ത് പല കേന്ദ്രങ്ങളിലും ജ്വല്ലറികള്‍ പാതിരാവരെ തുറന്നുവയ്ക്കുകയും കള്ളപ്പണം വാങ്ങി സ്വര്‍ണം കിലോക്കണക്കിന് വില്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്വല്ലറികളില്‍ പരിശോധന കര്‍ശനമാക്കുകയും കറന്‍സി നിരോധനം നടപ്പിലായതിന്റെ നാലുദിവസം മുന്‍പത്തേയും പിന്നീടുള്ള നാലുദിവസത്തേയും കണക്കുകള്‍ ഹാജരാക്കാനും കൈവശമുള്ള സ്വര്‍ണ സ്റ്റോക്ക് എത്രയെന്ന് വ്യക്തമാക്കാനും എക്‌സൈസ് ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കള്ളപ്പണം സ്വര്‍ണത്തിന്റെ രൂപത്തില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പിടികൂടാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് വ്യക്തമാവുകയാണ്.
Post Your Comments