NewsIndia

13 വര്‍ഷത്തെ ചരിത്രം പറഞ്ഞ് തീയറ്ററുകളിലെ ദേശീയഗാന ഹർജി

ന്യൂഡല്‍ഹി: തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നും ആ സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഇന്നലെയാണ്. എന്നാൽ ആ സുപ്രീം കോടതി വിധിക്ക് 13 വര്‍ഷത്തെ ചരിത്രം പറയാനുണ്ട്. ഒരു ഹിന്ദി ചലച്ചിത്രത്തില്‍ ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി 2003-ല്‍ ഒരാള്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചതാണ് സിനിമാ തീയ്യറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്ന വിധിയിലേക്ക് നയിച്ചത്.

അന്ന് ഹര്‍ജി നല്‍കിയത് ശ്യാം നാരായണ്‍ ചോക്‌സി എന്നയാളാണ്. ഹര്‍ജി പരിഗണിച്ചതാകട്ടെ അന്ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയും. 13 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയ ശ്യാം നാരായണിന്റെ ഹര്‍ജി പരിഗണിച്ചതു പിന്നീട് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബഞ്ചായി എന്നത് തികച്ചും യാദൃശ്ചികമായി.

2003-ലാണ് ചോക്സി പൊതുതാല്‍പര്യ ഹര്‍ജിയുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. കഭി ഖുശി കഭി ഘം എന്ന സിനിമയില്‍ കരണ്‍ ജോഹര്‍ ദേശീയ ഗാനത്തെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ ഹര്‍ജി. ദേശീയ ഗാനം ചിത്രീകരിക്കുന്ന സീനുകള്‍ വെളിച്ചമില്ലാതെയാണ് ചിത്രീകരിച്ചതെന്ന് ചോക്സി ആരോപിച്ചു. മാത്രമല്ല, ദേശീയ ഗാനം സിനിമയില്‍ മുഴങ്ങുമ്പോള്‍ സിനിമാ ഹാളിലെ കാണികള്‍ എഴുന്നേറ്റ് നിന്നില്ലെന്നും ചോക്സി ചൂണ്ടിക്കാട്ടി.

ശ്യാം നാരായണന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര മധ്യപ്രദേശിലെ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കുകയും പ്രസ്തുത രംഗം നീക്കം ചെയ്യാതെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഈ ഉത്തരവ് സുപ്രീം കോടതി പിന്നീട് റദ്ദാക്കി.

പിന്നീടാണ് രാജ്യവ്യാപകമായി സിനിമാ തീയറ്ററുകളില്‍ ചലച്ചിത്രം ആരംഭിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും അതിന്റെ കൃത്യമായ ചട്ടങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ട് ശ്യാം നാരായണ്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത്.

ഔദ്യോഗിക ചടങ്ങുകളിലും ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ പങ്കെടുക്കുന്ന സാഹചര്യത്തിലും ദേശീയഗാനം അവതരിപ്പിക്കുമ്പോള്‍ ആവശ്യമായ ചട്ടങ്ങള്‍ പാലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജിയിലാണ് തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധി.

shortlink

Post Your Comments


Back to top button