Kerala

ക്വട്ടേഷന്‍സംഘത്തിന് ആളുമാറി : വിമാനത്താവളത്തിലേക്ക് പോയ പ്രവാസി യുവാവിന്റെ യാത്ര മുടങ്ങി

തിരുവനന്തപുരം● ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന യുവാവിനേയും കൂട്ടുകാരേയും ക്വട്ടേഷന്‍ സംഘം ആളുമാറി ആക്രമിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെ ചാക്ക അനന്തപുരി ആശുപത്രിയ്ക്ക് സമീപമാണ് സംഭവം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഞ്ചൽ മൈലാടുകോണം പൗർണമിയിൽ അശോകന്റെ മകൻ അഖിലിനെ (22) യാത്രയാക്കാനാണ് എട്ടു സുഹൃത്തുക്കള്‍ അടങ്ങിയ സംഘം ക്വാളിസ് വാനില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്. ആശുപത്രിക്കടുത്തുവച്ച് പത്തോളം പേർ റോഡിൽ ചാടിവീണ് വാഹനം തടഞ്ഞു വാഹനത്തിൽനിന്ന് ഇവരെ പിടിച്ചിറക്കി തല്ലുകയായിരുന്നു. എന്തിനാണ് തല്ലുന്നതെന്ന് യുവാക്കള്‍ക്ക് മനസിലായില്ല. ഇതിനിടെയാണ് ആളുമാറിപ്പോയെന്ന് സംഘത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞത് . മറ്റാരെയോ കാത്ത് നിൽക്കുകയായിരുന്നു ക്വട്ടേഷൻ സംഘം. ക്വാളിസിൽ വരുന്നവരെ കൈകാര്യം ചെയ്യാനായിരുന്നത്രെ നിര്‍ദ്ദേശം. അമളി പറ്റിയ ക്വട്ടേഷന്‍ സംഘാംഗങ്ങൾ ഓടിപ്പോയതായും യുവാക്കൾ പറയുന്നു.

അഖിലിന് തലയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ അഖിലിന്റെ യാത്രയും മുടങ്ങി. അഖിലിനെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചൽ സ്വദേശികളായ നൗഫൽ, നിഷാൻ, അൻഷാദ്, ഹുസൈൻ, യാഹിയ, അൻസർ എന്നിവർക്ക് നിസാര പരിക്കുണ്ട്. കണ്ടാലറിയുന്ന എട്ടുപേർക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button