KeralaNews

ഏറ്റുമുട്ടല്‍ മരണം : സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച് മാവോയിസ്റ്റ് നേതാവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നിലമ്പൂരിലെ പടുക്ക വനത്തില്‍ വെടിവച്ചു കൊന്നത് അസുഖ ബാധിതരായി കഴിഞ്ഞവരെയാണെന്ന് മാവോയിസ്റ്റ് നേതാവ് അറിയിച്ചു. കൊല്ലപ്പെട്ട കുപ്പു സ്വാമി എന്ന ദേവരാജ് അസുഖ ബാധിതനായി കിടപ്പിലായിരുന്നു. അജിത മഞ്ഞപ്പിത്തം ബാധിച്ച് വിശ്രമത്തിലായിരുന്നു. നിലമ്പൂരിലെ ചില പത്രമോഫീസുകളില്‍ വിളിച്ചാണ് അക്ബര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഇത് അറിയിച്ചത്. ഇയാള്‍ ഏറ്റുമുട്ടലിനിടയില്‍ രക്ഷപ്പെട്ട സോമന്‍ എന്ന മാവോയിസ്റ്റ് നേതാവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സാധാരണ മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉണ്ടാകുമ്‌ബോള്‍ പ്രദേശത്തെ പത്ര പ്രവത്തകര്‍ക്ക് ഇത്തരത്തിലുള്ള ഫോണ്‍കോളുകള്‍ ലഭിക്കാറുണ്ട്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നിലമ്പൂരിലെ ചില പത്രം ഓഫീസുകളില്‍ ഇയാളുടെ ഫോണ്‍ കോള്‍ ലഭിക്കുന്നത്. നിലമ്പൂര്‍ വനത്തിനകത്ത് രണ്ട് കുന്നുകള്‍ക്കിടയിലായിരുന്നു തങ്ങള്‍ ടെന്റ് കെട്ടി താമസിച്ചിരുന്നതെന്ന് ഇയാള്‍ പറയുന്നു. ഇവിടെ ഉണ്ടായിരുന്നത് മൊത്തം ആറു പേരായിരുന്നു. ഇവിടേക്ക് പൊലീസിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. തുടര്‍ന്ന് ടെന്റിന് കാവല്‍ നിന്നിരുന്നവര്‍ അസുഖബാധിതരായി കിടന്ന കുപ്പു സ്വാമിയുടെയും അജിതയുടെയും അടുത്തെത്തി. പ്രമേഹവും രക്തസമ്മര്‍ദ്ദവും മൂലം ഏറെ നാളായി കിടപ്പിലായിരുന്നു കുപ്പു സ്വാമി. മഞ്ഞപ്പിത്തം മൂലം വിശ്രമത്തിലായിരുന്നു അജിത. രക്ഷപ്പെടാനാവാത്ത വിധം തളര്‍ന്ന നിലയിലായിരുന്നു ഇരുവരുമെന്നും ഇദ്ദേഹം പറയുന്നു.

ഇരുവരോടും പൊലീസ് എത്തിയ കാര്യം കാവല്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിങ്ങള്‍ രക്ഷപ്പെടാനായിരുന്നു കുപ്പുസ്വാമിയുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ടെന്റിന്റെ മറുവശത്തു കൂടി ഞങ്ങള്‍ രക്ഷപ്പെടാനായി ഓടി. ഈ സമയത്ത് പൊലീസുകാര്‍ വെടിവയ്പ്പ് തുടങ്ങി. തുടര്‍ന്ന് തങ്ങളും തിരിച്ചു വെടിയുതിര്‍ത്തതായി ഫോണ്‍ വിളിച്ചയാള്‍ പറയുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട തങ്ങള്‍ ഇപ്പോള്‍ കാട്ടില്‍ സുരക്ഷിതരാണെന്നും എന്നാല്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇതുവരെ വൈകിയതെന്നും ഇദ്ദേഹം പറയുന്നു. ഇക്കാര്യം മറ്റ് മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button