India

മാവോയിസ്റ്റ് കേന്ദ്രത്തില്‍ പാക് നിര്‍മ്മിത റൈഫിളുകള്‍

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ക്ക് ഐ.എസ്.ഐ സഹായം

നിലമ്പൂര്‍ ● ഏറ്റുമുട്ടല്‍ നടന്ന നിലമ്പൂര്‍ കരുളായി വനമേഖലയിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്നും പാകിസ്ഥാന്‍ നിര്‍മ്മിത റൈഫിളുകള്‍ കണ്ടെടുത്തു. നിലമ്പൂര്‍ കരുളായി വനത്തിലെ ടെന്റുകളില്‍ നിന്നാണ് കാശ്മീരില്‍ ഭീകരര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഉപയോഗിക്കുന്ന പി.എ റൈഫിളുകകള്‍ കണ്ടെടുത്ത്. ലഷ്കര്‍ ഭീകരര്‍ ഉപയോഗിക്കുന്ന പമ്പ് ആക്ഷന്‍ റൈഫിളാണ് പി.എ റൈഫിള്‍ എന്നറിയപ്പെടുന്നത്. ഇവ ഉപയോഗിച്ച് ഒരേസമയം പന്ത്രണ്ടു വെടിയുണ്ടകള്‍ ഉതിര്‍ക്കാന്‍ കഴിയും. വെടിയുണ്ടകളുടെ വന്‍ ശേഖരവും പോലീസ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ക്ക് പാക് ഭീകരരുടെ സഹായവും പിന്തുണയും ലഭിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് പി.എ റൈഫിലുകളുടെ കണ്ടെത്തല്‍. പി.എ റൈഫിളുകള്‍ മാവോയിസ്റ്റ് കേന്ദ്രത്തില്‍ എങ്ങനെയെത്തി എന്നതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധങ്ങള്‍ക്കു പുറമെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പാക്-നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സിയും വന്‍തോതില്‍ എത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ നിരോധിച്ചതോടെ മാവോയിസ്റ്റുകള്‍ കാടുകളില്‍ സൂക്ഷിച്ചിരുന്ന കോടികള്‍ കടലാസുകൂനയായി മാറിയിരുന്നു.

ലഷ്‌കറെ ത്വയ്ബയും ഐ.എസ്‌.ഐയും വന്‍തോതില്‍ പി.എ റൈഫിളുകള്‍ മാവോയിസ്റ്റുകള്‍ക്ക് കൈമാറിയിട്ടുണ്ട് എന്നാണ് സൂചന. നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ എത്തിച്ച ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി വഴി അനധികൃത ആയുധകടത്ത് നടക്കുന്നതായി നേരത്തെ വ്യക്തമായിരുന്നു. കച്ചവടക്കാരുടേയും ഗ്രാമീണരുടേയും സഹായത്തോടെയാണ് ആയുധക്കടത്ത്. പശ്ചിമബംഗാള്‍ അതിര്‍ത്തിവഴിയാണ് ഏറെയും ആയുധങ്ങള്‍ കടത്തുന്നത്. ഇങ്ങനെ കടത്തുന്ന ആയുധങ്ങള്‍ പിന്നീട് ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലുമുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

പാക് ചാരസംഘടനയായ ഐ.എസ്.ഐ ആണ് ഭീകരരും-മാവോയിസ്റ്റുകളും തമ്മിലുള്ള കൂട്ടുകെട്ടിന് ചുക്കാന്‍ പിടിക്കുന്നത് . ചൈനയുടെ മൌനാനുവാദത്തോടെയാണ് ഇത് നടക്കുന്നതെന്നും മിലിട്ടറി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം, നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ പോലീസിനുനേരെ വെടിയുതിര്‍ത്തതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ടെന്റില്‍ നിന്ന് കണ്ടെടുത്ത ഒരു പി.എ റൈഫിളില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഏറ്റുമുട്ടല്‍ നടന്നുവെന്നതിന്റെ സൂചനയാണിത്.

shortlink

Post Your Comments


Back to top button