തിരുവനന്തപുരം : കേരള പൊലീസ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് തീവ്രവാദികളെ നേരിട്ടത് പൊട്ടാത്ത ഗ്രനേഡുകളുമായി. അതേസമയം അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് മാവോയിസ്റ്റുകള്‍ പൊലീസുമായി ഏറ്റുമുട്ടല്‍ നടത്തിയത്.
സംസ്ഥാന പൊലീസ് ഈ മാസം നടത്തിയ രണ്ടാമത്തെ ഓപ്പറേഷനായിരുന്നു നിലമ്പൂരിലേത്. രണ്ടാഴ്ച മുന്‍പും നിലമ്പൂര്‍ വനത്തില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉന്നതരുടെ അറിവോടെ ഈ മാസം 12നാണ് തണ്ടര്‍ബോള്‍ട്ട് സംഘം നാലു ദിവസത്തെ തിരച്ചില്‍ നടത്തിയത്.
നിലമ്പൂരില്‍ നടത്തേണ്ട ഓപ്പറേഷനെക്കുറിച്ച് 22നാണ് തണ്ടര്‍ബോള്‍ട്ടിനെ സര്‍ക്കാര്‍ വിവരം അറിയിച്ചത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് ഓപ്പറേഷനെക്കുറിച്ചു വിവരിച്ചു. രഹസ്യ ഓപ്പറേഷനായതിനാല്‍ ലോക്കല്‍ പൊലീസിനെ വിവരം അറിയിച്ചില്ല. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഉപദേശകനും തമിഴ്‌നാട് മുന്‍ ഡി.ജി.പിയുമായ വിജയകുമാറിനെ കേരള ഡിജിപി വിവരം ധരിപ്പിച്ചിരുന്നു. കേരളത്തിലെത്തിയ അദ്ദേഹം ഡിജിപിക്കൊപ്പം ഓപ്പറേഷന്‍ നിരീക്ഷിച്ചു.
കേരള പൊലീസിന്റെ 18 അംഗ ബോംബ് സ്‌ക്വാഡ് ആദ്യം കാട്ടിലേക്ക് കയറി. വഴിയില്‍ കുഴി ബോംബുകള്‍ ഇല്ലെന്നു പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം 60 അംഗ തണ്ടര്‍ബോള്‍ട്ട് സേന മൂന്നു സംഘമായി തിരിഞ്ഞ് കാട്ടിനുള്ളിലേക്കു പ്രവേശിച്ചു. എട്ടു കിലോമീറ്ററോളം വനപാത ബോംബ് സ്‌ക്വാഡ് പരിശോധനയ്ക്ക് വിധേയമാക്കി.
പത്തുമണിക്കൂര്‍ തിരച്ചിലിനു ശേഷമാണു മാവോയിസ്റ്റു സംഘം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്തെത്താന്‍ പൊലീസിനു കഴിഞ്ഞത്. പൊലീസിനെ കണ്ടതോടെ പരിഭ്രാന്തരായി എഴുന്നേറ്റ മാവോയിസ്റ്റു സംഘത്തിനുനേരെ പൊലീസ് ഗ്രനേഡുകളെറിഞ്ഞു. എന്നാല്‍, മിക്ക ഗ്രനേഡുകളും പൊട്ടിയില്ല. ഇതോടെ സംഘത്തിലുണ്ടായിരുന്ന പലര്‍ക്കും രക്ഷപ്പെടാനായി.
പിന്നീടു നടന്ന ഏറ്റുമുട്ടലിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് കാര്യമായ ചെറുത്തുനില്‍പ്പ് ഉണ്ടായിട്ടില്ലെന്നാണ് ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
Post Your Comments