International

പ്രമുഖ നടി വെടിയേറ്റ്‌ മരിച്ചു

ലാഹോര്‍● പ്രമുഖ പാക് തീയറ്റര്‍ നടി കിസ്മത് ബേഗ് പാക്‌ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ വച്ച് വെടിയേറ്റു മരിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. ഒരു നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കിസ്മത്തിനെ കാറിലും ബൈക്കിലുമായെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍‍ത്തി വെടിവയ്ക്കുകയായിരുന്നു. കാലിലും വയറിലും കൈകളിലുമായി 11 ഓളം വെടിയുണ്ടകളേറ്റ നടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസ്രാവം മൂലം മരണം സംഭവിച്ചിരുന്നു.

കിസ്മതിന്റെ ഡ്രൈവര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കിസ്മതിന്റെ മുന്‍ കാമുകനാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണിത്. കിസ്മതിന്റെ പരിപാടി നടക്കുന്ന വേദിയ്ക്ക് സമീപം അക്രമി സംഘം നേരത്തെ കാത്തുനില്‍ക്കുകയായിരുന്നു. പിന്നീട് അവര്‍ വീട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ സംഘം അവരെ പിന്തുടരുകയായിരുന്നുവെന്നും അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അസ്ഗര്‍ ഹുസ്സൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

“കിസ്മത് ഇനി നിനക്ക് ഈ കാലുകള്‍ ഉപയോഗിച്ച് നൃത്തം ചെയ്യാന്‍ സാധിക്കില്ല” എന്ന് അക്രമികളില്‍ ഒരാള്‍ അവരുടെ കാലിലേക്ക് വെടിയുതിര്‍ത്തുകൊണ്ട് വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.

അതേസമയം. കിസ്‌മത്ത് ബേഗിന് നേരെയുണ്ടായ ആക്രമണത്തിൽ പാകിസ്ഥാനിലെ കലാലോകം ആശങ്ക രേഖപ്പെടുത്തി.അടുത്തിടെ പാക്‌ മോഡലായ ഖന്ധീല്‍ ബലോചിനെ സഹോദരന്‍ കൊലപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button