NewsIndia

മോദി ആപ്പ് സര്‍വേ : വിമർശനവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി:രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതിനെത്തുടർന്ന് കേന്ദ്ര സർക്കാർ നടത്തിയ അഭിപ്രായ സർവേക്കെതിരെ  കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് .കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും മോദി ഭക്തർ തയാറാക്കിയ ഉത്തരങ്ങളുമാണ് സർവേയിൽ ഉള്ളതെന്നാണ്  കോൺഗ്രസിന്റെ ആരോപണം. നരേന്ദ്ര മോദി ആപ്പിലാണു കറൻസി പരിഷ്കരണ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കിയത്. ഇതേതുടർന്ന് ജന പിന്തുണ വ്യക്തമാക്കുന്ന സർവേഫലം ഇന്നലെ വൈകിട്ട് കേന്ദ്ര സർക്കാർ പുറത്തു വിട്ടിരുന്നു.

എന്നാൽ കറൻസി അസാധുവാക്കലിനെക്കുറിച്ച് നടത്തിയ സ്വയം നിര്‍മിത സർവേയിലൂടെ മറ്റൊരു നുണകൂടി മോദി സർക്കാർ പടച്ചുവിട്ടിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും മോദി ഭക്തർ മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങളുമടങ്ങിയ കൃത്രിമ സർവേയാണെന്നും ആളുകൾക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ അവസരം നൽകാത്ത ചില ചോദ്യങ്ങൾ മാത്രമാണ് സർവേയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.ഇന്ത്യൻ കറൻസിയല്ല, ഇന്ത്യയിലെ ജനങ്ങളെയാണ് മോദി അസാധുവാക്കിയത്.നോട്ട് അസാധുവാക്കൽ നടപടിയുടെ അനന്തരഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ച ആളുകളോട് മാപ്പു ചോദിക്കാൻ പോലും കേന്ദ്ര സർക്കാർ തയാറായില്ലെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പദവി മാത്രമാണ് മുഖ്യമെന്നും സുർജേവാല അഭിപ്രായപ്പെട്ടു.

സർവേയിൽ പങ്കെടുത്തവരിൽ 93 ശതമാനം പേരും നോട്ട് അസാധുവാക്കിയ നടപടിയിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചു എന്ന് ഇന്നലെ പുറത്തു വന്ന സർവ്വേ ഫലം വ്യക്തമാക്കിയിരുന്നു. അഞ്ചു ലക്ഷത്തിലധികം പേർ അഭിപ്രായം രേഖപ്പെടുത്തിയ സർവേയിലാണ് 93 ശതമാനം ആളുകളും മോദി സർക്കാരിന്റെ കറൻസി പരിഷ്കരണ നടപടികളെ പിന്തുണച്ചത്.ഓരോ മിനിറ്റിലും 400 ആളുകൾ വീതമാണ് ആപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2000 സ്ഥലങ്ങളിൽനിന്നാണ് പ്രതികരണങ്ങൾ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button