കൊച്ചി● നോട്ടു അസാധുവാക്കിയതിന് പിന്നാലെ 200 കോടി രൂപ കൊച്ചിയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, വ്യവസായ മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതിലും കൂടുതല്‍ അസാധു നോട്ടുകള്‍ കേരളത്തില്‍ കുമിഞ്ഞുകൂടിയതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇത്രയധികം അസാധു നോട്ടുകള്‍ കേരളത്തിലേക്ക് കടത്തിയതിന്റെ കാരണവും വ്യക്തമല്ല. അസാധു നോട്ടുകള്‍ എത്തിയതിന് പുറമേ കഴിഞ്ഞയാഴ്ച ആലുവയില്‍ നിന്ന് ബാങ്കില്‍ നിന്നും ലഭിക്കാനിടയില്ലാത്ത അത്രയധികം 2000 രൂപ നോട്ടുകള്‍ പിടികൂടിയിരുന്നു. ഇതെങ്ങനെയെത്തിയെന്ന് ഇനിയും വ്യക്തമായിട്ടില്ല. അസാധു നോട്ടുകള്‍ എത്തിയതും പുതിയ നോട്ടുകള്‍ ചോര്‍ന്നതും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വരുന്ന ദിവസങ്ങളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ ആര്.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കറന്‍സി നോട്ടുകള്‍ സൂക്ഷിക്കുന്ന കേരളത്തിലെ കാഷ് ചെസ്റ്റുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബാങ്കുകളിലേക്ക് എത്തുന്നതിനു മുന്‍പു പുതിയ കറന്‍സികള്‍ ചോര്‍ന്നിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് കള്ളപ്പണ റാക്കറ്റ് സംഘടിതമായി തുരങ്കം വയ്ക്കാനുള്ള സാധ്യതയും ഏജന്‍സികള്‍ കണക്കിലെടുത്തിട്ടുണ്ട്.
Post Your Comments