കൊല്ലം● കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏരൂര്‍ നെട്ടയത്ത് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന രാമഭദ്രനെ രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കളായ പ്രതികളെ റിമാന്‍ഡ് ചെയ്തു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പേര്‍സണല്‍ സ്റ്റാഫ് അംഗം മാക്സണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍, റിയാസ് എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. അടുത്തമാസം ആറുവരെയാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷയെ സി.ബി.ഐ സംഘം കോടതിയില്‍ എതിര്‍ത്തു.
2010 ഏപ്രിൽ 10ന് രാത്രിയിൽ സ്വന്തം വീട്ടിനുള്ളിൽ ഭാര്യയുടേയും രണ്ട് പെൺകുട്ടികളുടേയും മുൻപിൽ വച്ചാണ് പ്രാദേശിക കോൺഗ്രസ് നേതാവു കൂടിയായ രാമഭദ്രൻ വധിക്കപ്പെട്ടത്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ പ്രതിയാക്കപ്പെട്ട കേസ് ആദ്യം ലോക്കൽ പോലീസാണ് അന്വേഷിച്ചത്. എന്നാൽ കേസന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് രാമഭദ്രന്റെ ഭാര്യ ബിന്ദുവും കോൺഗ്രസ് അഞ്ചൽ ബ്ളോക്ക് പ്രസിഡന്റ് ആയിരുന്ന ഏരൂർ സുഭാഷും ചേർന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
Post Your Comments