തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം നവംബര്‍ 25 ന്റെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ പി. എസ്.സി. യോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി. വിജയമാണ് അടിസ്ഥാന യോഗ്യത. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. പൊതുവിഭാഗത്തിന് 36 വയസ്സും ഒ.ബി.സി.ക്ക് 39 ഉം എസ്.സി./എസ്.ടി.ക്ക് 41 ഉം ആണ് ഉയര്‍ന്ന പ്രായപരിധി. ജൂണില്‍ വിജ്ഞാപനം തയ്യാറായെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പ്രായപരിധിയിലെത്തുന്നവരെ കൂടി ഉൾപെടുത്താൻ വേണ്ടിയാണ് നവംബറില്‍ തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ചേര്‍ക്കുന്നതിനുള്ള നിർദേശവും ഇതോടൊപ്പം നൽകും. ഇനി വരുന്ന വിജ്ഞാപനങ്ങളില്‍ ഈ അറിയിപ്പ് ഉൾപ്പെടുത്താനും, പി.എസ്.സി.യുടെ ചോദ്യശേഖരം (ക്വസ്റ്റ്യന്‍ ബാങ്ക്) വിപുലീകരിക്കാനുള്ള ശില്പശാലകള്‍ നടത്താനും യോഗത്തിൽ തീരുമാനമായി. മിൽമ്മയിലെ ഇന്‍സ്ട്രക്ടര്‍ (അനിമല്‍ ഹസ്ബന്ററി, ജനറല്‍ കാറ്റഗറി) തസ്തികയിലേക്ക് അഭിമുഖം നടത്തി നിയമന നടപടി ഉടൻ പൂര്‍ത്തിയാക്കും.
മില്‍മയില്‍ ജൂനിയര്‍ സിസ്റ്റംസ് മാനേജര്‍ തസ്തികയിലേക്ക് ജനറല്‍ വിഭാഗത്തിനും, സൊസൈറ്റി ക്വാട്ടയ്ക്കും പൊതുപരീക്ഷ നടത്താനും, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡില്‍ യൂണിറ്റ് മാനേജര്‍ തസ്തികയിലേക്ക് 50 ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ് 2/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 തസ്തികയില്‍ വിമുക്തഭടന്‍മാരില്‍ നിന്നുള്ള കുടിശ്ശിക നികത്തുന്നതിന് എറണാകുളത്ത് ഓൺലൈൻ പരീക്ഷ നടത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (അഗ്രിക്കള്‍ച്ചര്‍) തിരഞ്ഞെടുപ്പിന് ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും നടത്തുക.
ഹൗസിങ് ബോര്‍ഡില്‍ ആര്‍ക്കിടെക്ചറല്‍ ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയിലേക്ക് (എന്‍.സി.എ.ഹിന്ദു ഈഴവ) തിരഞ്ഞെടുപ്പിന് അഞ്ചു പേരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടികയും, ജി.സി.ഡി.എ. യില്‍ ടൗണ്‍ പ്ലാനിങ് അസിസ്റ്റന്റ്, ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് 1 തസ്തികകളിലേക്ക് അഭിമുഖം മാത്രം നടത്തി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.
എന്‍ജിനീയറിങ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് തസ്തികയിലേക്ക് യോഗ്യരായ 150 ഉദ്യോഗാഗാര്‍ഥികളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. എസ്.സി/എസ്.ടി, എല്‍.സി./എ.ഐ, ഈഴവ/ബില്ലവ/തിയ്യ വിഭാഗങ്ങളില്‍ നിന്നും മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച ശേഷം അഭിമുഖം നടത്തി തസ്തിക നിയമനം പൂർത്തിയാക്കും.
Post Your Comments