ബെല്ലാരി : 500,1000 നോട്ടകള്‍ അസാധുവാക്കിയതിന് പിന്നാലെ രാജ്യത്തെ ധന വിനിമയത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വന്ന ശേഷം 500 കോടി രൂപ മുടക്കി മകളുടെ വിവാഹം നടത്തിയ കര്‍ണാടകത്തിലെ ഖനിവ്യവസായിയും മുന്‍മന്ത്രിയുമായ ജി. ജനാര്‍ദനറെഡ്ഡിയുടെ ബെല്ലാരിയിലെ നാല് വീടുകളിലും കമ്പനി ഓഫീസിലും ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തുന്നതായി റിപ്പോർട്ട്. റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തതായാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ബുധനാഴ്ച 500 കോടി രൂപ ചെലവിൽ ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വെച്ച് ജനാര്‍ദ്ദനറെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും ബിസിനസ്സുകാരനായ പി. രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹവും മറ്റ് ഒരുക്കങ്ങളും നടത്തിയത് ആഗോളമാധ്യമങ്ങള്‍ വാർത്തയാക്കിയിരുന്നു. അഞ്ചുദിവസത്തെ ആഘോഷത്തോടെ ഞായാറാഴ്ച തുടക്കം കുറിച്ച വിവാഹത്തിൽ 20,000-ത്തിലധികംപേര്‍ പങ്കെടുത്തുവെന്നാണ് കണക്ക്.
തിരുപ്പതിക്ഷേത്രത്തിന്റെ മാതൃകയില്‍ തീര്‍ത്ത ക്ഷേത്രത്തിനുമുന്നിലെ മണ്ഡപത്തിൽ 17 കോടി രൂപയുടെ പട്ടുസാരി ധരിച്ചാണ് വധു എത്തിയത്. സംസ്ഥാനത്തെ 30 പ്രമുഖ മഠങ്ങളില്‍നിന്നുള്ള സന്ന്യാസിമാര്‍ വിവാഹത്തിൽ പങ്കെടുക്കാനെത്തി. തിരുപ്പതി ക്ഷേത്രത്തില്‍നിന്നുള്ള എട്ടുപൂജാരിമാര്‍ നേതൃത്വം നൽകിയ വിവാഹ കർമ്മങ്ങൾക്ക് ഗവര്‍ണര്‍ വാജുഭായ് വാല, ബി.ജെ.പി. നേതാക്കളായ ബി.എസ്. യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ശോഭ കരന്തലജെ, ബസവരാജ് ബൊമ്മെ, മുരുകേഷ് നിറാനി, രേണുകാചാര്യ, ആര്‍.എസ്.എസ്. നേതാവ് പ്രഭാകര്‍ ഭട്ട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വര എന്നിവരെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുത്തില്ല.
സ്വത്തുക്കള്‍ വിറ്റാണ് വിവാഹച്ചെലവിനു പണം സ്വരൂപിച്ചത്. ഇതിനെ പറ്റി ആർക്കു വേണമെങ്കിലും അന്വേഷിക്കാമെന്നു ജനാര്‍ദന റെഡ്ഡി പറഞ്ഞു. 2011-ല്‍ അനധികൃത ഖനനക്കേസില്‍ അറസ്റ്റിലാകുന്നതുവരെയുള്ള ജനാര്‍ദനറെഡ്ഡിയുടെ ജീവിതം ആഢംബരം നിറഞ്ഞതായിരുന്നു. തിരുപ്പതിക്ഷേത്രത്തിലേക്ക് 40 കോടിയുടെ സ്വര്‍ണകിരീടം നല്‍കിയത്, ബെല്ലാരിയിലെ കൊട്ടാരസദൃശമായ വീട്ടില്‍ ഇരിക്കാന്‍ 15 കിലോഗ്രാം തൂക്കംവരുന്ന സിംഹാസനം, യാത്രചെയ്യാന്‍ സ്വന്തമായി ഹെലിക്കോപ്റ്റര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍,എല്ലാകൊണ്ടും ബെല്ലാരിയിലെ രാജാവിന്റെ പ്രതീതിയിലായിരുന്ന ജനാര്‍ദനറെഡ്ഡി വൻ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
ബെല്ലാരിയിലെ ശക്തനായ നേതാവായിരുന്ന ജനാര്‍ദനറെഡ്ഡി ബി.ജെ.പി. ഭരണത്തില്‍ മന്ത്രിയായി. ഖനനക്കേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്തതോടെ പ്രതാപത്തിന് മങ്ങലേറ്റു. കേസിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍, സാമ്പത്തികമായി അടിപതറിയെന്ന പ്രചാരത്തിനിടെയാണ് കോടികള്‍ മുടക്കിയുള്ള മകളുടെ വിവാഹം. മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞവര്‍ഷമാണ് ജനാര്‍ദനറെഡ്ഡി ജാമ്യത്തിലിറങ്ങിയത്.
Post Your Comments