India

സാക്കിര്‍ നായിക്കിന്റെ കേന്ദ്രങ്ങളില്‍ നിന്നും പണവും രേഖകളും പിടിച്ചെടുത്തു

മുംബൈ● വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനുമായി (ഐ.ആര്‍.എഫ്) ബന്ധമുള്ള 12 കേന്ദ്രങ്ങളില്‍ ശനിയാഴ്ച എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ നിരവധി ഫയലുകളും രേഖകളും ഇലക്ട്രോണിക് സ്റ്റോറേജ് ഉപകരണങ്ങളും 12 ലക്ഷം രൂപയും പിടിച്ചെടുത്തു.

സാക്കിര്‍ നായിക്കിന്റെയും ഐ.ആര്‍.എഫിന്റെയും സാമ്പത്തിക ഇടപാടുകളും വസ്തുഇടപാടുകളും സംബന്ധിച്ച രേഖകളാണ് പിടിച്ചെടുത്തവ. എന്‍.ഐ.എയോടൊപ്പം ആദായനികുതി വകുപ്പ് അധികൃതരും ഇന്നലെ നടന്ന റെയ്ഡില്‍ പങ്കെടുത്തു.

ഐ.ആര്‍.എഫിന്റെ ഓഫീസുകള്‍ക്കും, നായിക്കിന്റെ വസതിക്കും പുറമേ, ഐ.ആര്‍.ഫിന്റെ അടുത്ത പങ്കാളികളുടേയും ഡയറക്ടര്‍മാരുടെയും വസതികള്‍, നായിക്കിന്റെ ടി.വി ചാനലായ പീസ്‌ ടി.വിയ്ക്ക് ഉള്ളടക്കം നിര്‍മ്മിച്ച് നല്‍കുന്ന ഹാര്‍മണി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.

കൂടാതെ ഐ.ആര്‍.എഫിന്റെ ഡെവലപ്മെന്റ് ക്രെഡിറ്റ്‌ ബാങ്കിലെ അക്കൗണ്ടും എന്‍.ഐ.എ സീല്‍ ചെയ്തു. ഇവിടെ അക്കൗണ്ടില്‍ നിന്നാണ് സംഘനയുടെ കീഴിലുള്ള സ്കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതും ചെലവുകള്‍ക്ക് പണം നല്‍കുന്നതും.

ശനിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിവരെ നീണ്ടു. ഐ.ആര്‍.എഫിനെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് യു.എ.പി.എ ചുമത്തി അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു റെയ്ഡ്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ വൈരം വളര്‍ത്തുന്നതിന് എന്‍.ഐ.എയുടെ മുംബൈ ബ്രാഞ്ച് വെള്ളിയാഴ്ച സംഘടനയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 A പ്രകാരവും യു.എ.പി.യുടെ നിരവധി വകുപ്പുകള്‍ പ്രകാരവും കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയ്ഡ്.

ഈ വര്‍ഷമദ്യം ബംഗ്ലാദേശിലെ ധാക്ക കഫെയില്‍ 22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ ഒരാള്‍ താന്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതോടെയാണ് സാക്കിര്‍ നായിക്കിന്റെ ശനിദശ തുടങ്ങിയതും. യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതില്‍ നായിക്കിന് പങ്കുണ്ടെന്ന് ആരോപിച്ചു മഹാരാഷ്ട്ര പോലീസും നായിക്കിനെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button