ന്യൂ ഡൽഹി : രാജ്യത്ത് നോട്ട് നിരോധനം വന്നതിനു ശേഷം കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടിക്കൊരുങ്ങി ആദായ നികുതി വകുപ്പ്. കള്ളപ്പണം വെളുപ്പിക്കാനായി മറ്റുള്ളവരുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നവർക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകൾ ചുമത്താനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. നവംബർ 8 നു കേന്ദ്ര സർക്കാർ 500 ,1000 നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള പ്രഖ്യാപന വന്ന ശേഷം ജൻധൻ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നതിനെത്തുടർന്നാണ് പുതിയ തീരുമാനം.
പുതിയ നടപടിയെ തുടർന്ന് മുൻ ധാരണകൾ പ്രകാരം മറ്റുള്ളവരുടെ അകൗണ്ടുകളിൽ 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് പുതിയ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്യുന്നവരെ പുതിയ ബിനാമി നിയമത്തിന്റെ പരിധിയില്‍ പെടുത്തും. കള്ളപ്പണം നിക്ഷേപിക്കുന്നവർക്കും ബാങ്ക് അക്കൗണ്ടിന്റെ ഉടമയ്ക്കും എതിരെ ഒരേ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. പണം നിക്ഷേപിക്കുന്ന ആൾ ബെനഫിഷ്യല്‍ ഓണറായും, ആരുടെ പേരിലാണോ അക്കൗണ്ടുള്ളത് അയാളെ ബിനാമിയായും കണക്കാക്കി സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവർക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലുള്ളതാണ് ബിനാമി നിയമം. ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ ആദായനികുതി വകുപ്പ് നോട്ടീസുകള്‍ അയച്ചതായുള്ള റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
Post Your Comments