തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്ക് നേരേയുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരളം സംയുക്ത സമരവുമായി മുന്നോട്ട് പോകുമ്പോൾ കേന്ദ്ര സർക്കാരും ആദായ നികുതി വകുപ്പും സഹകരണ ബാങ്കുകൾക്ക് മേൽ പിടിമുറുക്കാൻ ഒരുങ്ങുകയാണ്.കേരളത്തിലെ പ്രമുഖ സഹകരണ ബാങ്കുകളിൽ പരിശോധന കർശനമാക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.ഇതിനോടകം തന്നെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് നിരവധി പരാതികളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുള്ളത്.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഡിമാന്‍ഡ് ഡ്രാഫ്റ്റ്, എടിഎം എന്നിവയില്‍ തിരിമറി നടക്കുന്നുന്നും ആദായ നികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു.കൂടാതെ കേന്ദ്ര ധനമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആദായനികുതി ചീഫ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്ക് ഇതേക്കുറിച്ചു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇത് കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള റായ്ഗഞ്ച് സഹകരണ ബാങ്കില്‍ കള്ളപ്പണനിക്ഷേപം നടന്നുവെന്ന സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ പരാതിയെ തുടര്‍ന്ന് ആദായനികുതി വകുപ്പു റെയ്ഡ് നടത്തിയിരുന്നു. കേരളത്തില്‍ നിന്നു ലഭിച്ച പരാതികളിന്മേലും ഇത്തരത്തിലുള്ള നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളാണ് ആദായനികുതി വകുപ്പു പ്രധാനമായും പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.കതിരൂര്‍, മാടായി, കോടിയേരി, അഴീക്കോട്, ചെറുതാഴം, ആനപ്പന്തി തുടങ്ങിയ സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.അതോടൊപ്പം കോഴിക്കോട് സിറ്റി സഹകരണ ബാങ്കിലെ ചില അനധികൃത ഇടപാടുകളെക്കുറിച്ചും ആദായനികുതി വകുപ്പ് പരിശോധിക്കും.
നോട്ട് അസാധുവാക്കലിന് ശേഷം സര്‍വീസ് സഹകരണ ബാങ്കുകള്‍ ചില ന്യൂ ജനറേഷന്‍ ബാങ്കുകളുമായി സഹകരിച്ചു ഡിമാന്‍ഡ് ഡ്രാഫ്റ്റ് (ഡിഡി) മുഖേന വന്‍തുകകള്‍ കൈമാറ്റം നടത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്.നേരത്തേ അന്‍പതിനായിരം രൂപയില്‍ താഴെയുള്ള ഡിഡികളാണു കൈകാര്യം ചെയ്തിരുന്നതെങ്കില്‍ നോട്ട് പിൻവലിക്കൽ നടപടിക്കുശേഷം കോടികളുടെ ഇടപാടുകള്‍ നടന്നതായാണ് സൂചന.നേരത്തെ സിപിഐ(എം) നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്താന്‍ എത്തിയപ്പോള്‍ സിഐടിയു നേതാക്കള്‍ ചേര്‍ന്ന് തടഞ്ഞിരുന്നു.. അതിന് ശേഷമാണ് കേന്ദ്രം ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്.കേരളത്തിൽ സഹകരണ ബാങ്കുകളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംയുക്ത സമരം അരങ്ങേറുമ്പോൾ ബാങ്കുകളുടെ മേൽ കൂടുതൽ പിടിമുറുക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം
Post Your Comments