തിരുവനന്തപുരം● കുട്ടിക്കാലത്ത് ശരീരത്തില്‍ തുളച്ചുകയറിയ സൂചി 22 വര്‍ഷങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലയിന്‍കീഴ് സ്വദേശി കിരണ്‍കുമാറിന്റെ (34) ശരീരത്തില്‍ നിന്നാണ് തയ്യല്‍ സൂചി നീക്കം ചെയതത്.
ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് സംഭവമുണ്ടായത്. കലണ്ടറില്‍ കുത്തിയിരുന്ന സൂചി കിടക്കയില്‍ വീണു. ഇതറിയാതെ കിരണ്‍ കുമാര്‍ കിടക്കയിലിരിക്കുകയും സൂചി ഇടതു പൃഷ്ട ഭാഗത്ത് തുളച്ചുകയറുകയുമായിരുന്നു. അന്ന് ആശുപത്രിയില്‍ പോയെങ്കിലും സൂചി കണ്ടെത്താനായില്ല. പിന്നീട് ബുദ്ധിമുട്ടുണ്ടാകാത്തതിനാല്‍ ഇക്കാര്യം തന്നെ വീട്ടുകാര്‍ മറന്നു.
രണ്ടാഴ്ച മുമ്പാണ് സൂചി തുളച്ചുകയറിയ ഭാഗത്ത് കിരണ്‍ കുമാറിന് മുഴയും വേദനയും ഉണ്ടായത്. ഇതോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പോകുകയും വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പരിശോധനയില്‍ ഒന്നര ഇഞ്ച് ആഴത്തില്‍ സൂചി തറച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ക്ക് ബോധ്യമായി. പക്ഷെ സൂചിയുടെ കൃത്യമായ സ്ഥാനം കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടി. തുടര്‍ന്ന് സി ആം മെഷീന്റെ സഹായത്തോടെ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തെടുത്തത്. തുരുമ്പു പിടിച്ച അവസ്ഥയിലായിരുന്നു സൂചി. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.
സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments