KeralaNews

സഹകരണബാങ്കുകളിലെ കള്ളപ്പണക്കാരെ പുറത്ത്‌കൊണ്ടുവരണമെന്ന ഉറച്ച തീരുമാനവുമായി കേന്ദ്രവും ആര്‍.ബി.ഐയും :രഹസ്യനിക്ഷേപം പുറത്തായാല്‍ പിടിവീഴുന്നത് രാഷ്ട്രീയക്കാര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണബാങ്കുകളിലെ പ്രതിസന്ധി രൂക്ഷമായിരിയ്‌ക്കെ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും. സഹകരണ മേഖലയെ തകര്‍ക്കണമെന്ന് കേന്ദ്രമോ റിസര്‍വ്വ് ബാങ്കോ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആര്‍ബിഐയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം. അതായത് നിക്ഷേപകരുടെ വിവരമെല്ലാം റിസര്‍വ്വ് ബാങ്കിലും ആദായ നികുതി വകുപ്പിനും ലഭ്യമാകണം. ഇതിലൂടെ സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപവും നികുതിക്ക് വിധേയമാകും. ഇതിനായി കെ.വൈ.സി(നോ യുവര്‍ കസ്റ്റംമര്‍) നടപ്പിലാക്കണം. ഇതിലൂടെ സഹകരണ നിക്ഷേപങ്ങളിലെ വ്യക്തികളെ റിസര്‍വ്വ് ബാങ്കിന് അറിയാനാകും. നിലവില്‍ എല്ലാ ദേശസാല്‍കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. തിരിച്ചറിയില്‍ രേഖ എല്ലാ നിക്ഷേപങ്ങള്‍ക്കും നിര്‍ബന്ധമാക്കുകയാണ് കെ വൈ സി രീതിയുടെ പ്രത്യേകത. പാന്‍ നമ്പര്‍ അടക്കമുള്ള വിവരം നല്‍കണം. ഇതിലൂടെ നിക്ഷേപകനില്‍ നിന്നും ആദായ നികുതി പിരിവ് സജീവമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും.

തെരഞ്ഞെടുപ്പ് ഫണ്ടായി വന്‍ തുക നേതാക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതെല്ലാം സഹകരണ ബാങ്കുകളിലെ രഹസ്യ നിക്ഷേപമാകുന്നുവെന്ന് കരുതുന്നവരുമുണ്ട്. ഇത്തരക്കാരെ പിടിക്കാനാണ് അസാധുവാക്കിയ നോട്ടുകള്‍ ഏറ്റെടുക്കാന്‍ സഹകരണ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത്. അഞ്ച് ലക്ഷത്തില്‍ അധികം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും നല്‍കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയുമില്ല. ഭാവിയില്‍ കെ വൈ സിയും നിര്‍ബന്ധമാക്കണം. ഇത് നടപ്പിലാക്കി നികുതി വരവ് കൂട്ടാനുള്ള തന്ത്രപരമായ സമയമായി നോട്ട് അസാധുവാക്കലിനെ കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും കണ്ടു. അതൊകൊണ്ടാണ് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പോലും പുതിയ നോട്ടുകള്‍ മാറ്റി നല്‍കാതെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ വിഷയത്തില്‍ കോടതി സമീപിച്ചാല്‍ തീരുമാനം എതിരാകുമെന്ന് സഹകരണ പ്രസ്ഥാനങ്ങള്‍ക്കും അറിയാം. അതുകൊണ്ട് കൂടിയാണ് നിയമപോരാട്ടത്തിന് പോകാതെ രാഷ്ട്രീയ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ തയ്യാറാകുന്നത്.

ആദായ നികുതി അടയ്ക്കാത്തതെല്ലാം കള്ളപ്പണമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പാവപ്പെട്ടവരുടെ ചെറിയ നിക്ഷേപങ്ങളെ കള്ളപ്പണമായി കാണരുതെന്ന് സഹകാരികളും പറയുന്നു. കെ വൈ സി നല്‍കിയാല്‍ ബാങ്കിലുള്ള മുഴുവന്‍ നിക്ഷേപങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടി വരും. അതിനപ്പുറം മറ്റൊരു പ്രതിസന്ധിയുമുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ക്കും സഹകരണ പ്രസ്ഥാനങ്ങളില്‍ നിക്ഷേപമുണ്ട്. ചെറുതു മുതല്‍ കോടികള്‍ വരെ നിക്ഷേപിക്കുന്നവരാണുള്ളത്. കണക്കുകള്‍ പുറത്തുവന്നാല്‍ ഈ രാഷ്ട്രീയക്കാരെല്ലാം പ്രതിസന്ധിയിലാകും. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ സ്വത്ത് വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇത് എല്ലാവരും ചെയ്യാറുമുണ്ട്. ഇങ്ങനെ നല്‍കുന്ന സത്യവാങ്മൂലത്തില്‍ മിക്കവരും സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങള്‍ കാണിക്കുന്നത് കുറവാണ്. ഇതാണ് രാഷ്ട്രീയ നേതാക്കളെ പ്രതിസന്ധിയിലാക്കുന്നത്. സഹകരണ ബാങ്കിലെ നിക്ഷേപ വിവരങ്ങള്‍ പുറത്താകുമ്പോള്‍ പല രാഷ്ട്രീയക്കാരുടെ പേരുവിവരവും അതിലുണ്ടാകും.
അങ്ങനെ സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങള്‍ പുറം ലോകത്ത് എത്തിയാല്‍ കുടുങ്ങുന്ന രാഷ്ട്രീയക്കാര്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങളെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ റിസര്‍വ്വ് ബാങ്കുമായി സഹകരണത്തിന് തയ്യാറാകാത്തത്. നിക്ഷേപകരുടെ വിവരങ്ങള്‍ അന്വേഷിക്കാനാണ് വെല്ലുവിളി. ഇത് നല്‍കാമെന്ന് സഹകരണ പ്രസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി സഹകരണ പ്രസ്ഥാനങ്ങളേയും ആര്‍ബിഐ കാണും. സഹകരണ പ്രസ്ഥാനങ്ങളിലുള്ള നിക്ഷേപങ്ങളുടെ സുതാര്യത ഉറപ്പാക്കി രാജ്യത്തിന്റെ നികുതി സമ്പത്ത് കൂട്ടാനാണ് ആര്‍ബിഐയും ആദായ നികുതി വകുപ്പും ശ്രമിക്കുന്നത്.

ഇതിനൊപ്പം ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന വരുമാന നികുതിയും സഹകരണബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് കുറഞ്ഞത് പ്രതിവര്‍ഷം 1000 കോടിയെങ്കിലും നികുതി ഇനത്തില്‍ ഈടാക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന ആദായ നികുതി വകുപ്പിന്റെ ആവശ്യത്തിനെതിരെ കതിരൂര്‍ സഹകരണ ബാങ്കടക്കം 20 ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല. പക്ഷെ സംസ്ഥാനത്തെ പല സഹകരണബാങ്കുകളും ഇപ്പോഴും ആദായനികുതിവകുപ്പിന് വിവരങ്ങള്‍ നല്‍കുന്നില്ല.

സഹകരണ ബാങ്കില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണ നിക്ഷേപമുള്ളത് രാഷ്ട്രീയക്കാര്‍ക്കാണെന്ന് ആര്‍.ബി.ഐക്ക് വ്യക്തമായി അറിയാം. ഇത് പുറത്തുകൊണ്ടുവന്നാല്‍ രാഷ്ട്രീയക്കാരുടെ പൊയ്മുഖമാണ് അഴിഞ്ഞുവീഴാന്‍ പോകുന്നത്. ഇതോ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button