തിരുവനന്തപുരം : നോട്ട് മാറലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സഹകരണ മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സഹകരണ മന്ത്രിയും ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷൻ മാരും ചേർന്ന യോഗത്തിൽ തീരുമാനമായി. നിക്ഷേപരുടെ ദൈനംദിനാവശ്യങ്ങൾക്ക് സഹകരണ ബാങ്ക് ഗ്യാരണ്ടി കാർഡുകൾ നൽകും. കൂടാതെ വായ്പകളുമായി ബന്ധപ്പെട്ട പിഴയും ജപ്തി നടപടികളും ഒഴിവാക്കുന്നത് പരിഗണിക്കും.
ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗം സഹകരണ മേഖലയിൽ രൂപീകരിക്കാനുള്ള നിർദേശവും യോഗത്തിൽ ഉയർന്നു. ജില്ലാ സഹകരണ ബാങ്കുകളുടെ ഉറപ്പിൽ സഹകരണ ബാങ്ക് നിക്ഷേപകർക്ക് കാർഡ് നൽകും. ഈ കാർഡ് ഉപയോഗിച്ച് സപ്ലൈകോ, ഹോർട്ടികോർപ്, കൺസ്യൂമർഫെഡ് സ്റ്റോറുകളിൽ സാധനങ്ങൾ വാങ്ങാം. പദ്ധതിയിൽ സ്വകാര്യ വ്യാപാരികളെ ഉൾപ്പെടുത്തുന്നതിനായി അവരുടെ സംഘടനകളുമായി സർക്കാർ ഉടൻ ചർച്ച നടത്തും.
സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് സർക്കാർ ഉറപ്പു നൽകുമെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ പണമടയ്ക്കാൻ സാധിക്കാത്തതു മൂലം സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ പിഴയും ജപ്തി നടപടികളും ഒഴിവാക്കുന്ന കാര്യവും ആലോചനയിൽ ഉണ്ടെന്നും ബദൽ പദ്ധതികളുടെ കാര്യത്തിൽ മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിൽ നിയമാനുസൃതമുള്ള ഒരു പരിശോധനയ്ക്കും എതിരല്ല. സഹകരണ മേഖലയിലെ പ്രതിസന്ധി മുതലാക്കാൻ സ്വകാര്യ ബാങ്കുകൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
Post Your Comments