NewsIndia

വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

ന്യൂഡല്‍ഹി : രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ അഭാവം. യാത്രയ്ക്കിടയില്‍ അപരിചിതമായൊരു പ്രദേശത്ത് വൃത്തിയുള്ള ശുചിമുറികള്‍ കണ്ടെത്താന്‍ അലഞ്ഞു തിരിഞ്ഞിട്ടില്ലാത്തവര്‍ കുറവായിരിക്കും. വൃത്തിയുള്ള ടോയിലറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് സ്ത്രീകളാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളുമായി കേന്ദ്ര നഗര വികസന മന്ത്രാലയം കൈകോര്‍ക്കുകയാണ്.
ടോയ്‌ലറ്റ് ലൊക്കേറ്റര്‍ സംവിധാനം രാജ്യത്ത് ഗൂഗിള്‍ ഉടനെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇതിനോടകം നടപ്പിലായിക്കഴിഞ്ഞു. ഗൂഗിള്‍ മാപ്പില്‍ ഇപ്പോഴുള്ള സെര്‍ച്ച് ഓപ്ഷനുകളില്‍ ടോയ്‌ലറ്റുകള്‍ കൂടി ഉള്‍പ്പെടുത്തും. ഇതോടെ ജി.പി.എസ് സംവിധാനം കൂടി ഉള്‍പ്പെടുത്തി ഏറ്റവും അടുത്തുള്ള വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ സെര്‍ച്ച് ചെയ്യാനാകും. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലുള്ള പൊതു ശുചിമുറികളെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും ഇതിലൂടെ ലഭിക്കുക. പൊതുവായ കീ വേഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനാവും. ജനങ്ങളുടെ പ്രതികരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിവരങ്ങള്‍ സമഗ്രമാക്കും. ഓരോ സ്ഥലത്തെയും ടോയ്‌ലെറ്റുകളുടെ വൃത്തിയടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് റേറ്റ് ചെയ്യാനുള്ള അവസരവും ഗൂഗിള്‍ തരും.

shortlink

Post Your Comments


Back to top button